28/03/2026
[fontresizer_tawhidurrahmandear_widget]

ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ‘വെട്ടിനിരത്തല്‍’; 42 ബിജെപി മണ്ഡലങ്ങളില്‍ നീക്കം ചെയ്തത് ജയിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍

 ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ‘വെട്ടിനിരത്തല്‍’; 42 ബിജെപി മണ്ഡലങ്ങളില്‍ നീക്കം ചെയ്തത് ജയിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പകുതിയിലധികം മണ്ഡലങ്ങളിലും, അന്ന് അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

2021-ല്‍ ബിജെപി വിജയിച്ച 77 സീറ്റുകളില്‍ 42 ഇടത്തും വിജയിച്ച വോട്ടുകളുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 58 ലക്ഷത്തോളം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, കാണാതായവര്‍ എന്നിവരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ 1,956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ നന്ദിഗ്രാമില്‍ മാത്രം 10,599 വോട്ടര്‍മാരെയാണ് നീക്കം ചെയ്തത്.

മറ്റു പ്രധാന മണ്ഡലങ്ങളിലെ കണക്കുകള്‍:

ദിന്‍ഹാത്ത: ബിജെപി ജയിച്ചത് 57 വോട്ടിന്. നീക്കം ചെയ്തത് 16,442 വോട്ടുകള്‍.

കൂച്ച് ബിഹാര്‍ നോര്‍ത്ത്: ഭൂരിപക്ഷം 14,615. നീക്കം ചെയ്തത് 14,652.

ഖരഗ്പൂര്‍ സദര്‍: ഭൂരിപക്ഷം 3,771. നീക്കം ചെയ്തത് 43,994 വോട്ടുകള്‍.

കുല്‍ത്തി: ഭൂരിപക്ഷം 679. നീക്കം ചെയ്തത് 13,000-ത്തിലധികം വോട്ടുകള്‍.

അതേസമയം, വോട്ടര്‍മാരെ നീക്കം ചെയ്യുന്നത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ് പ്രതികൂലമായി ബാധിക്കുകയെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകളിലടക്കം തൃണമൂല്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന കള്ളവോട്ടുകളാണ് ഇപ്പോള്‍ നീക്കം ചെയ്യപ്പെടുന്നതെന്നും, അന്തിമ പട്ടിക വരുമ്പോള്‍ ഇനിയും കൂടുതല്‍ പേര്‍ പുറത്താകുമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേരത്തെ രംഗത്തുണ്ടായിരുന്നു.

Also read: