’തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്നെ മാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നത് പാവപ്പെട്ട ജാതിക്കാരനായത് കൊണ്ടാണോ?’-വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ തന്നെമാത്രം ചില ആളുകള്‍ കുറ്റപ്പെടുത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പളളി.
മുന്നണികള്‍ മതസാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ്.
ആഗോള അയ്യപ്പ സംഗമത്തെ എസ്.എന്‍.ഡി.പി യോഗം മാത്രമല്ല എന്‍.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എന്‍.എന്‍.എസിനെ കുറ്റപ്പെടുത്താത്തത്?
മുഖ്യമന്ത്രിയുടെ വാഹനത്തില്‍ പോയതിനെയും ചിലര്‍ പരിഹസിക്കുന്നുണ്ട്. അതിനെക്കാള്‍ വലിയ കാറുള്ളവനാണ് ഞാന്‍. മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാന്‍ എനിക്കെന്താ അയിത്തമുണ്ടോ? വെള്ളാപ്പള്ളി ചോദിച്ചു.
പറയുന്ന കാര്യങ്ങളുടെ വസ്തുത നോക്കാതെ വര്‍ഗീയമായി വഴിതിരിച്ചുവിടുന്ന പ്രവണതയാണിപ്പോള്‍. ഭൂരിപക്ഷ സമുദായക്കാര്‍ പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷക്കാര്‍ പറയുന്നത് മതേതരത്വവുമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും വെള്ളാപ്പള്ളി പറഞ്ഞു.