27/01/2026

‘യു.പി സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള തീരുമാനം വാജ്പേയ് ആണ് എതിർത്ത് തിരുത്തിച്ചത്’ ; ബിജെപിയെ ചരിത്രം ഓർമിപ്പിച്ച് എസ്‌പി എംപി ഇഖ്റ ഹസൻ ചൗധരി

 ‘യു.പി സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള തീരുമാനം വാജ്പേയ് ആണ് എതിർത്ത് തിരുത്തിച്ചത്’ ; ബിജെപിയെ ചരിത്രം ഓർമിപ്പിച്ച് എസ്‌പി എംപി ഇഖ്റ ഹസൻ ചൗധരി

ന്യൂഡൽഹി: ’വന്ദേമാതര’ വിവാദത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി എംപി ഇഖ്‌റ ഹസൻ ചൗധരിയുടെ ലോക്‌സഭാ പ്രസംഗം. വന്ദേമാതരം നിർബന്ധമാക്കുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ബിജെപിയുടെ എക്കാലത്തെയും വലിയ നേതാവായ അടൽ ബിഹാരി വാജ്‌പേയി 1998-ൽ എടുത്ത ശക്തമായ നിലപാട് ചൂണ്ടിക്കാട്ടിയാണ് ഇഖ്‌റ ഭരണപക്ഷത്തെ നേരിട്ടത്.

1998-ൽ ഉത്തർപ്രദേശിൽ കല്യാൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലിരിക്കെ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ഈ തീരുമാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്ന് ഇഖ്‌റ ഹസൻ സഭയിൽ ഓർമ്മിപ്പിച്ചു.

​”യുപി സർക്കാർ വന്ദേമാതരം നിർബന്ധമാക്കിയപ്പോൾ വാജ്‌പേയി അതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്ന് ആ ഉത്തരവ് ഇറക്കിയ മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെട്ടു. ദേശസ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് വാജ്‌പേയി അന്ന് സ്വീകരിച്ചത്,” ഇഖ്‌റ ചൂണ്ടിക്കാട്ടി.

“അന്ന് വാജ്‌പേയിജി ചെയ്തത് ന്യൂനപക്ഷ പ്രീണനമായിരുന്നോ? അതോ രാജധർമ്മമായിരുന്നോ? വന്ദേമാതരം നിർബന്ധമാക്കേണ്ടതില്ലെന്ന നിലപാടെടുത്ത വാജ്‌പേയിയെ നിങ്ങൾ തള്ളിപ്പറയുമോ?”-ഇഖ്‌റ ഹസൻ ചോദിച്ചു.

ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾക്കും അവർ മറുപടി നൽകി. “ഞങ്ങൾ ബൈ ചാൻസ് (യാദൃശ്ചികമായി) ഇന്ത്യക്കാരായവരല്ല, ബൈ ചോയ്സ് (സ്വന്തം ഇഷ്ടപ്രകാരം) ഇന്ത്യക്കാരായവരാണ്. ജിന്നയുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ് ഈ മണ്ണിൽ ജീവിക്കാൻ തീരുമാനിച്ചവരുടെ പിന്മുറക്കാരാണ് ഞങ്ങൾ,” ഇഖ്‌റ വ്യക്തമാക്കി.

​മക്കളെ മാറ്റിനിർത്തി ഭാരതമാതാവിനെ ആരാധിക്കാനാവില്ലെന്നും, വാജ്‌പേയി പറഞ്ഞതുപോലെ ഭാരതം വെറുമൊരു മണ്ണല്ല, അത് ഇവിടുത്തെ ജനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

Also read: