30/03/2026
[fontresizer_tawhidurrahmandear_widget]

മേയർ ആക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി; അനുനയിപ്പിക്കാൻ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

 മേയർ ആക്കാത്തതിൽ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി; അനുനയിപ്പിക്കാൻ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: മേയർ സ്ഥാനം കൈവിട്ടതിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് തുടക്കം മുതൽ സൂചനകളുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം.

ശ്രീലേഖയുടെ പിണക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് കണ്ടതോടെ ബിജെപി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. മുതിർന്ന കേന്ദ്ര നേതാക്കൾ നേരിട്ട് അവരുമായി സംസാരിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റോ, കേന്ദ്ര തലത്തിൽ നിർണ്ണായകമായ മറ്റ് പദവികളോ നൽകി അവരെ സമാധാനിപ്പിക്കാനാണ് നീക്കം. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. സ്വതന്ത്ര അംഗം പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. നൂറംഗ കൗൺസിലിൽ 50 അംഗങ്ങളുള്ള ബിജെപിക്ക് ഇതോടെ 51 പേരുടെ പിന്തുണയായി. വി.വി. രാജേഷ് മേയർ സ്ഥാനാർത്ഥിയാകുമ്പോൾ ജി.എസ്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.

ഇടതുമുന്നണിക്കായി ആർ.പി. ശിവജിയും യുഡിഎഫിനായി കെ.എസ്. ശബരീനാഥനും മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. നിലവിൽ എൽഡിഎഫിന് 29ഉം യുഡിഎഫിന് 19ഉം അംഗങ്ങളാണുള്ളത്.

Also read: