27/01/2026

‘സ്ഥിതിഗതികള്‍ നേരിട്ടിട്ടില്ലെങ്കില്‍ അരാജകത്വം ഉണ്ടാകും’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

 ‘സ്ഥിതിഗതികള്‍ നേരിട്ടിട്ടില്ലെങ്കില്‍ അരാജകത്വം ഉണ്ടാകും’; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സുപ്രീം കോടതി. നടപടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഭീഷണികളും തടസ്സങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നേരെ ഭീഷണിയുണ്ടെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ‘സനാതനി സന്‍സദ്’ എന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നടപടികള്‍ സുഗമമാക്കാന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

‘നിങ്ങള്‍ ഈ സാഹചര്യം നേരിടണം, അല്ലെങ്കില്‍ അത് അരാജകത്വത്തിന് കാരണമാകും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സഹകരിക്കാത്തതുമായ സംഭവങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തൂ, ഞങ്ങള്‍ ഉത്തരവിറക്കാം,’-കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനമാണെന്നും, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അവര്‍ക്ക് വിപുലമായ അധികാരങ്ങളുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

പശ്ചിമ ബംഗാളിലും മറ്റ് ചില സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടിക പുതുക്കല്‍ ജോലികള്‍ തടസ്സപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, സ്ഥിതിഗതികള്‍ വഷളാവുകയാണെങ്കില്‍ പോലീസിനെ ഡെപ്യൂട്ടേഷനില്‍ എടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്.ഐ.ആര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനും തടസ്സങ്ങള്‍ നീക്കാനും ഭരണഘടനാപരമായ എല്ലാ അധികാരങ്ങളും തങ്ങള്‍ക്കുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍ പട്ടികയുടെ കൃത്യത വളരെ പ്രധാനമാണെന്നും, അതിനായുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ഗൗരവകരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

Also read: