കര്‍ണാടക മാതൃകയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും; പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: കര്‍ണാടക മാതൃകയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കും(Hate Speech) കുറ്റകൃത്യങ്ങള്‍ക്കുമെതിരെ(Hate crimes) ശക്തമായ നിയമനിര്‍മാണം നടത്താനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലെ എല്‍.ബി സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പ്രവണതകളെ തടയാന്‍ പുതിയ നിയമം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഈ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ സമാനമായ നിയമം തെലങ്കാന സര്‍ക്കാര്‍ വിശദമായി പഠിക്കും. തുടര്‍ന്ന്, തെലങ്കാനയിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും നിയമം നടപ്പാക്കുക. ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഈ നിയമം അധികൃതര്‍ക്ക് കരുത്ത് നല്‍കും.
‘തെലങ്കാനയുടെ മണ്ണില്‍ മതവിദ്വേഷം പടര്‍ത്താന്‍ ആരെയും അനുവദിക്കില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, സമാധാനപരമായ സഹവര്‍ത്തിത്വമാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും,’ രേവന്ത് റെഡ്ഡി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ ക്ഷേമവും വികസനവും ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, അത് ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരും നീങ്ങുന്നത്. സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും, അത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.