27/01/2026

രാഹുല്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തും; ഷാഫിയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ല-വി.എസ് ജോയ്

 രാഹുല്‍ അഗ്‌നിശുദ്ധി വരുത്തി തിരിച്ചെത്തും; ഷാഫിയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ ബാധിക്കില്ല-വി.എസ് ജോയ്

മലപ്പുറം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. രാഹുല്‍ കോണ്‍ഗ്രസിന്റെ വലിയൊരു വാഗ്ദാനമായിരുന്നുവെന്നും, നിരപരാധിത്വം തെളിയിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജോയ് പറഞ്ഞു

”രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്ക് വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അല്‍പം മാറിനില്‍ക്കേണ്ടി വന്നാലും, കഴിവ് തെളിയിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ‘അഗ്‌നിശുദ്ധി’ വരുത്തി തിരിച്ചെത്തുമെന്നാണ് എന്റെ വ്യക്തിപരമായ പ്രതീക്ഷ”, ജോയ് പറഞ്ഞു.

രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് വളരെ കൃത്യവും സുതാര്യവുമായ നിലപാടാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത അത്രയും മാതൃകാപരമായ നടപടിയാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ പോലും, മറ്റ് പാര്‍ട്ടികള്‍ അവരുടെ പ്രതികളെ സംരക്ഷിക്കുന്നതും കോണ്‍ഗ്രസ് എടുത്ത നടപടിയും തമ്മിലുള്ള താരതമ്യം പാര്‍ട്ടിക്ക് ഗുണകരമാവുകയേ ഉള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുലിന്റെ വിഷയം ഉപയോഗിച്ച് ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ സിപിഎം നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ‘മലവെള്ളപ്പാച്ചിലിലെ നുര’ പോലെ താല്‍ക്കാലികമാണെന്നും, അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: