30/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്‍ലാം വിരുദ്ധ പ്രചാരണം: ഇസ്രയേലി ഇൻഫ്‌ളുവൻസറുടെ വിസ റദ്ദാക്കി ഓസ്ട്രേലിയ

 ഇസ്‍ലാം വിരുദ്ധ പ്രചാരണം: ഇസ്രയേലി ഇൻഫ്‌ളുവൻസറുടെ വിസ റദ്ദാക്കി ഓസ്ട്രേലിയ

സാമി യഹൂദ്

കാൻബറ: ഇസ്‍ലാം വിരുദ്ധ പ്രചാരണങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച ഇസ്രയേലി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ സാമി യഹൂദിന് ഓസ്‌ട്രേലിയയിൽ വിലക്ക്. സാമിയുടെ വിസ ഓസ്ട്രേലിയൻ സർക്കാർ റദ്ദാക്കി. വെറുപ്പ് പ്രചരിപ്പിക്കുന്നത് ഓസ്ട്രേലിയ സന്ദർശിക്കാൻ നല്ലൊരു കാരണമല്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രതികരിച്ചു. വിദ്വേഷം പ്രചരിപ്പിക്കാൻ വരുന്ന സന്ദർശകരെ രാജ്യം സ്വാഗതം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലിൽനിന്ന് ഓസ്ട്രേലിയയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് സാമി യഹൂദിന്റെ വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. വിസ റദ്ദാക്കിയെങ്കിലും അദ്ദേഹം ഇസ്രയേലിൽനിന്ന് അബുദാബിയിലേക്ക് യാത്ര തിരിച്ചു. എന്നാൽ, മെൽബണിലേക്കുള്ള കണക്റ്റിങ് ഫ്‌ലൈറ്റിൽ കയറാൻ ശ്രമിക്കവെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

വിസ റദ്ദാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ‘എക്‌സ്’ പ്ലാറ്റ്ഫോമിലൂടെ സാമി യഹൂദ് നടത്തിയ പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്. ഇസ്ലാം അവിശ്വാസികളോടും സ്ത്രീകളോടും സഹിഷ്ണുത കാണിക്കാത്ത ‘വെറുപ്പുളവാക്കുന്ന പ്രത്യയശാസ്ത്രമാണ്’ എന്ന് യുവാവ് പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ, യുഎസ് ജനപ്രതിനിധിയും മുസ്‌ലിം വംശജയുമായ ഇൽഹാൻ ഒമറിനെ നാടുകടത്തണമെന്നും, ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ പരിഹസിച്ചും പോസ്റ്റുകൾ ഇട്ടിരുന്നു.

താൻ നിയമവിരുദ്ധമായി വിലക്കപ്പെട്ടുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സാമി യഹൂദ് പ്രതികരിച്ചു. ഇത് ഏകാധിപത്യവും സെൻസർഷിപ്പുമാണെന്ന് അദ്ദേഹം ആരോപിച്ചു. പരിപാടികൾക്കായി ക്ഷണിച്ച ‘ഓസ്ട്രേലിയൻ ജൂത അസോസിയേഷൻ’ സർക്കാർ നടപടിയെ ശക്തമായി അപലപിച്ചു. ആന്റണി അൽബാനീസ് സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.

സിഡ്നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിന് ശേഷം വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ഓസ്ട്രേലിയ നിയമം കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. സമാനമായ രീതിയിൽ വിദ്വേഷം പരത്തുമെന്ന് ഭയന്ന് നേരത്തെ ഇസ്രയേലി-അമേരിക്കൻ ആക്ടിവിസ്റ്റ് ഹില്ലൽ ഫുൾഡ്, ഇസ്രയേലി നിയമസഭാംഗം സിംച റോത്ത്മാൻ എന്നിവരുടെ വിസകളും റദ്ദാക്കിയിരുന്നു. ഓസ്ട്രേലിയയിലേക്ക് വരുന്നവർ ശരിയായ വിസയ്ക്ക് അപേക്ഷിക്കണമെന്നും, അത് ശരിയായ ഉദ്ദേശ്യത്തോടെയായിരിക്കണമെന്നുമാണു മന്ത്രി വ്യക്തമാക്കിയത്.

Also read: