മൂന്നാം ബലാത്സംഗക്കേസിലും ജാമ്യം: രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുകയായിരുന്ന രാഹുൽ ഈ ഉത്തരവോടെ പുറത്തിറങ്ങും. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിധി പറയുന്നത് കഴിഞ്ഞ ദിവസം കോടതി മാറ്റിവെച്ചിരുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
അതേസമയം, എംഎൽഎയ്‌ക്കെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും അതിജീവിതയും ഇതിനോടകം സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 10ഓളം പേരെ രാഹുൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. എസ്‌ഐടി രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.