‘അഭിമാനത്തോടെ പറയുന്നു, ഞാനൊരു സംഘിയാണ്; ബിജെപി കേരളം ഭരിക്കും- ‘ബിഗ് ബോസ്’ താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ നേരിട്ട വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ബിഗ് ബോസ് താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍. താന്‍ ഒരു സംഘിയാണെന്ന് പറയുന്നതില്‍ അഭിമാനമേയുള്ളൂവെന്നും, അധികം വൈകാതെ കേരളം ബിജെപി ഭരിക്കുമെന്നും റോബിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ തനിക്ക് നേരെ വലിയ തോതിലുള്ള ഭീഷണികളും അധിക്ഷേപങ്ങളും വന്നതായി റോബിന്‍ പറഞ്ഞു. ‘പലരും എന്നെ സംഘിയെന്നും ചാണകമെന്നും വിളിച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതെ, ഞാന്‍ സംഘിയാണ്. അതില്‍ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ രാഷ്ട്രീയവും വ്യക്തിപരമായ ഇഷ്ടങ്ങളും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.’-റോബിന്‍ വ്യക്തമാക്കി.
തനിക്ക് നരേന്ദ്ര മോദിയെയും അമിത് ഷായെയും രാജീവ് ചന്ദ്രശേഖറിനെയും ഇഷ്ടമാണെന്നും, മോദി ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ബിജെപിയെയല്ല, മറിച്ച് ബിജെപി കേരളം ഭരിക്കുമോ എന്ന കാര്യത്തെയോര്‍ത്താണ് പേടി. ആ ദിവസം അധികം വൈകാതെ വരും. അടിച്ചമര്‍ത്തും തോറും കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നും റോബിന്‍ പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. തനിക്ക് ബിജെപിയില്‍ നിലവില്‍ അംഗത്വമില്ലെന്നും എന്നാല്‍ പാര്‍ട്ടിയോട് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.