ആലപ്പുഴയില്‍ മുസ്‌ലിം വോട്ട് വെട്ടാന്‍ ബിജെപി ഇടപെടല്‍? സംസ്ഥാന കൗണ്‍സില്‍ അംഗം വ്യാപകമായി ‘ഫോം 7’ നല്‍കിയെന്ന് പരാതി
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിച്ചതായി പരാതി. മുസ്ലിം വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താന്‍ നേരിട്ട് ഇടപെട്ടതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലാണു സംഭവം.
ചിങ്ങോലി പഞ്ചായത്തിലെ 164, 166 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാരെ ഒഴിവാക്കാനായി ‘ഫോം 7’ ഉപയോഗിച്ചാണ് നീക്കം നടന്നത്. 57 പേരുടെ പട്ടികയാണ് ഒഴിവാക്കാനായി നല്‍കിയത്. ഇവര്‍ സ്ഥലത്തില്ലെന്നും മരണപ്പെട്ടുവെന്നുമാണ് കാരണമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും, ഭൂരിഭാഗം പേരും നാട്ടില്‍ തന്നെ ഉള്ളവരാണെന്നും വോട്ടര്‍മാര്‍ പറയുന്നു. വിചിത്രമായ കാര്യം, വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ നല്‍കിയ ലിസ്റ്റില്‍ അവിടുത്തെ ബിഎല്‍ഒയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ്.
ഓണ്‍ലൈനായി ഡല്‍ഹിയില്‍നിന്നാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രിന്റൗട്ടുകള്‍ ബിഎല്‍ഒയ്ക്ക് നേരിട്ട് കൈമാറുകയായിരുന്നു. ചട്ടപ്രകാരം ഒരാള്‍ക്ക് പരമാവധി 10 ഫോമുകള്‍ മാത്രമേ കൈമാറാന്‍ സാധിക്കൂ എന്നിരിക്കെ, ചട്ടങ്ങള്‍ മറികടന്നാണ് ബിജെപി നേതാവ് ഫോമുകള്‍ നല്‍കിയത്. മാത്രമല്ല, ഫോം സമര്‍പ്പിച്ച നേതാവ് ഈ ബൂത്തുകളില്‍ ഉള്ള ആളല്ലെന്നും പരാതിയുണ്ട്.
സംഭവം അതീവ ഗൗരവതരമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ പ്രതികരിച്ചു. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മറ്റ് പഞ്ചായത്തുകളിലും സമാനമായ രീതിയില്‍ വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌ഐആര്‍ നടപടികളുടെ അവസാനഘട്ടത്തിലാണ് ബിജെപി ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ, ചട്ടവിരുദ്ധമായി നല്‍കിയ ഫോമുകള്‍ സ്വീകരിക്കാന്‍ ബിഎല്‍ഒ തയ്യാറായില്ല.