വർഗീയ പരാമർശത്തിൽ സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്; പരാതി നൽകി
ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി.
ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ ‘ആർഎസ്എസ് ഫ്രാക്ഷൻ്റെ കൺവീനർ’ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിൽ ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം നടത്തുന്ന ഹനുമാൻ സേനക്കാരുടെ ഭാഷയിലാണ് കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന മന്ത്രി സംസാരിക്കുന്നത്. വിവാദ പരാമർശത്തിൽ കേസെടുക്കാതെ പിന്നോട്ടില്ലെന്നും, മതേതര മനസിൽ വിഷം കലർത്താൻ ശ്രമിച്ച മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി യൂത്ത് കോൺഗ്രസ് തെരുവിലുണ്ടാകുമെന്നും ബിനു ചുള്ളിയിൽ വ്യക്തമാക്കി.
മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് നഗരസഭയിലും ജയിച്ചവരുടെ പേരുകൾ പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാൻ പാടുണ്ടോ? കാസർകോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത് എന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.