28/03/2026
[fontresizer_tawhidurrahmandear_widget]

ബിജെപി ലഘുലേഖയ്ക്കുള്ളില്‍ കവറില്‍ ഒളിപ്പിച്ച് പണം; വോട്ടര്‍മാരെ പിടിക്കാന്‍ പണം വിതരണം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്; വന്‍ വിവാദം

 ബിജെപി ലഘുലേഖയ്ക്കുള്ളില്‍ കവറില്‍ ഒളിപ്പിച്ച് പണം; വോട്ടര്‍മാരെ പിടിക്കാന്‍ പണം വിതരണം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്; വന്‍ വിവാദം

മുംബൈ: മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. താനെ ജില്ലയിലെ ഡോംബിവിലിയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്ക്വാദ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനുള്ളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് ലഘുലേഖകള്‍ക്കൊപ്പം വെള്ള കവറുകള്‍ കൈമാറുന്നതാണ് വീഡിയോയിലുള്ളത്. കവറുകള്‍ തുറക്കുമ്പോള്‍ അതില്‍ 500 രൂപയുടെ നോട്ടുകള്‍ ഉള്ളതായി കാണാം. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും താമര ചിഹ്നവും അടങ്ങിയ പ്രചാരണ നോട്ടിസുകളും ഇതിനൊപ്പം നല്‍കുന്നുണ്ട്. ‘പ്രമോദ് കാക്‌ഡെ’ എന്ന പേര് ചില ലഘുലേഖകളില്‍ വ്യക്തമായി കാണാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ഈ വൈറല്‍ വീഡിയോ ഡോംബിവിലിയില്‍ നിന്നുള്ളതാണ്. ബിജെപി ലഘുലേഖകള്‍ക്കൊപ്പം പണവും കവറിലാക്കി നല്‍കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഓരോ ഘട്ടത്തിലും ബിജെപി ശ്രമിക്കുന്നത്. വോട്ട് രേഖപ്പെടുത്താതെ തന്നെ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അവരുടെ നേതാക്കള്‍ ആത്മവിശ്വാസത്തോടെ ചാനലുകളില്‍ പറയുന്നത് ഇതുകൊണ്ടാണ്,’ മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ വര്‍ഷ ഗെയ്ക്വാദ് എക്‌സില്‍ കുറിച്ചു.

വീഡിയോ വൈറലായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. #CashForVotes എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. പരസ്യമായി പണം നല്‍കി വീഡിയോ എടുക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ എന്നാണ് ബിജെപി അനുകൂലികളുടെ ചോദ്യം.

സംഭവത്തില്‍ ബിജെപിയോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: