03/04/2026
[fontresizer_tawhidurrahmandear_widget]

ജനങ്ങൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി തർക്കിക്കരുത്, സംയമനം പാലിക്കണം; ഗൃഹസന്ദർശനത്തിന് പ്രവർത്തകർക്ക് കർശന പെരുമാറ്റച്ചട്ടവുമായി സിപിഎം

 ജനങ്ങൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി തർക്കിക്കരുത്, സംയമനം പാലിക്കണം; ഗൃഹസന്ദർശനത്തിന് പ്രവർത്തകർക്ക് കർശന പെരുമാറ്റച്ചട്ടവുമായി സിപിഎം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങൾക്ക് സിപിഎം കർശന നിർദേശം നൽകി. വീടുകളിൽ എത്തുമ്പോൾ ജനങ്ങൾ പറയുന്നത് പൂർണ്ണമായും ക്ഷമയോടെ കേൾക്കണമെന്നും ഒരു കാരണവശാലും ഇടയ്ക്കുകയറി സംസാരിക്കുകയോ തർക്കിക്കുകയോ ചെയ്യരുതെന്നുമാണ് പ്രധാന നിർദേശം. ജനങ്ങളോട് തികഞ്ഞ സംയമനം പാലിക്കണമെന്നും വീടിനുള്ളിൽ കയറി വേണം ആശയവിനിമയം നടത്താനെന്നും പാർട്ടി നിർദേശിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ജനവികാരം നേരിട്ടറിയാൻ സ്‌ക്വാഡുകളായി തിരിഞ്ഞുള്ള ഗൃഹസന്ദർശനം പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ജനങ്ങൾ ഉന്നയിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകണമെന്ന കാര്യത്തിലും പാർട്ടി കൃത്യമായ ധാരണ നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയിൽ സർക്കാരിന് പങ്കുണ്ടോ എന്ന് ചോദിച്ചാൽ, കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യക്തമാക്കണം. കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും, അന്വേഷണ സംഘത്തെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും തന്ത്രിയും ഉൾപ്പെടെയുള്ളവർ കേസിൽ അറസ്റ്റിലായ കാര്യവും വിശദീകരിക്കണം. എ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യമുയർന്നാൽ, അദ്ദേഹത്തിനെതിരെ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന് മറുപടി നൽകണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങൾക്കിടയിലെ അതൃപ്തി പരിഹരിക്കാനും സർക്കാരിന്റെ വിശദീകരണങ്ങൾ കൃത്യമായി എത്തിക്കാനുമാണ് ഈ കർശന നിർദേശങ്ങളിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.

Also read: