അനുമതിക്ക് കാക്കേണ്ട, ആക്രമിച്ചോളൂ… അമേരിക്കൻ നീക്കത്തിനെതിരെ സൈന്യത്തെ സജ്ജമാക്കി ഡെൻമാർക്ക്
കോപൻഗേഹൻ: ഗ്രീൻലാൻഡിന് മേൽ അവകാശവാദം ഉന്നയിക്കുന്ന അമേരിക്കൻ നീക്കങ്ങൾക്കെതിരെ സൈനികമായി പ്രതികരിക്കാൻ തയ്യാറെടുത്ത് ഡെൻമാർക്ക്. പ്രസിഡന്റ് ട്രംപിന്റെ താൽപ്പര്യങ്ങൾ തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വിലയിരുത്തുന്ന ഡാനിഷ് ഗവൺമെന്റ്, വിദേശ സൈന്യത്തിന്റെ ഏത് കടന്നുകയറ്റത്തെയും ഉടൻ പ്രതിരോധിക്കാൻ സൈന്യത്തിന് കർശന നിർദ്ദേശം നൽകി. 1952-ലെ രാജകീയ ഉത്തരവ് പ്രകാരം, പ്രത്യേക അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ തിരിച്ചടി നൽകാൻ സൈനികർക്ക് അധികാരമുണ്ട്.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു സൈനിക നീക്കവും നാറ്റോ സഖ്യത്തിന്റെ തകർച്ചയ്ക്കും വൻ യുദ്ധത്തിനും വഴിതെളിക്കുമെന്ന് ഡാനിഷ് പ്രതിരോധ സമിതി അധ്യക്ഷൻ റാസ്മസ് ജാർലോവ് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം അതീവ അപകടകരമാണെന്ന് മുൻ പ്രധാനമന്ത്രി ഹെല്ലെ തോർണിംഗ്-ഷ്മിഡിറ്റും വിശേഷിപ്പിച്ചു.
ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളുമാണ് അമേരിക്കയെ ആകർഷിക്കുന്നതെങ്കിലും, വിൽപനയ്ക്കില്ലെന്ന കർക്കശ നിലപാടിലാണ് ഡെൻമാർക്ക്. ജർമ്മനിയും ഫ്രാൻസും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഡെൻമാർക്കിന് പിന്തുണയുമായി രംഗത്തെത്തിയത് നാറ്റോ സഖ്യത്തിനുള്ളിൽ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്.