‘ജയിലില്‍ കിടക്കുന്നത് പാവങ്ങള്‍; കുറ്റവാളികളായത് സാഹചര്യം കൊണ്ട്’-ജയില്‍പുള്ളികളുടെ വേതന വര്‍ധനയെ എതിര്‍ക്കുന്നത് ക്രൂരതയെന്ന് ഇ.പി ജയരാജന്‍
ഇ.പി ജയരാജന്‍
തിരുവനന്തപുരം: ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. തടവുകാര്‍ക്കും ജീവിക്കാന്‍ പണം ആവശ്യമാണെന്നും, പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ വേതന വര്‍ധനയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രൂരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
”ജയിലില്‍ കിടക്കുന്നത് പാവങ്ങളാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് അവിടെ എത്തിയത്. ജയിലില്‍ സോപ്പോ മറ്റ് അവശ്യ സാധനങ്ങളോ വാങ്ങാന്‍ അവര്‍ക്ക് പണം ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ജയിലില്‍നിന്നു കിട്ടിയ കൂലിയുമായി നാട്ടില്‍ പോകാം. ഇതിനെ എതിര്‍ക്കുന്നത് ക്രൂരതയാണ്.”-ജയരാജന്‍ പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വേതനം 2018-ന് ശേഷം ആദ്യമായി സര്‍ക്കാര്‍ വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് 152 രൂപയില്‍നിന്ന് 620 രൂപയായും, അര്‍ധ വൈദഗ്ധ്യമുള്ളവയ്ക്ക് 127ല്‍ നിന്ന് 560 രൂപയായും, അല്ലാത്തവയ്ക്ക് 63ല്‍ നിന്ന് 530 രൂപയായുമാണ് വര്‍ധിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തടവുകാര്‍ക്ക് വേതനം കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന വേതനം തടവുകാര്‍ക്ക് നല്‍കുന്നുവെന്ന രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വര്‍ക്കര്‍മാരുടെയും വേതനം വര്‍ധിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും, അതിനായി കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.