‘ഒരു മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്ത് ബിജെപി പിടിച്ചത്; അത് കേരളത്തിലും സംഭവിക്കും’-തിരുവനന്തപുരത്ത് നരേന്ദ്ര മോദി
തിരുവനന്തപുരം: ഗുജറാത്തിൽ ബിജെപി ഭരണം പിടിച്ചതുപോലെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ വിജയിച്ചാണ് ഗുജറാത്തിൽ ഭരണം പിടിച്ചത്. കേരളത്തിലും അത് സംഭവിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ ‘എന്റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി രാജ്യം മുഴുവൻ ഒന്നിച്ചുനിൽക്കുകയാണെന്നും കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് ആവാസ് യോജനയിലൂടെ വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ റേഡിയോ തെറാപ്പി സെന്ററിന്റെ തറക്കല്ലിടലും മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് കർമ്മവും പ്രധാനമന്ത്രി നിർവ്വഹിച്ചു. സാധാരണക്കാരെ ശാക്തീകരിക്കുന്ന പദ്ധതികളെക്കുറിച്ച് സംസാരിക്കവെ, മുമ്പ് ധനികർക്ക് മാത്രം ലഭ്യമായിരുന്ന ക്രെഡിറ്റ് കാർഡ് സൗകര്യം ഇന്ന് പി.എം സ്വാനിധിയിലൂടെ തെരുവ് കച്ചവടക്കാരിലേക്ക് വരെ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പതിനായിരത്തോളം പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വേദിയിൽ കേരളത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന നൽകിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
നേരത്തെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. അവിടെ നിന്ന് പുത്തരിക്കണ്ടം വരെ ആവേശ്വജ്വലമായ റോഡ് ഷോയിലൂടെയാണ് അദ്ദേഹം എത്തിയത്. ചടങ്ങിൽ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിന്റെ കൂടുതൽ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.