‘അവിവാഹിതൻ ഒന്നിലധികം പേരുമായി ബന്ധം പുലർത്തുന്നതിൽ നിയമപരമായി എന്ത് തെറ്റ്?’; രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ ഹൈക്കോടതി
കൊച്ചി: അവിവാഹിതനായ ഒരാൾ ഉഭയസമ്മതപ്രകാരം ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് ഹൈക്കോടതി. പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം.
രാഹുലിനെതിരെ വേറെയും സ്ത്രീകൾ ബലാത്സംഗാരോപണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും, ഇതെല്ലാം ചേർത്ത് ഇയാളുടെ ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. രാഹുൽ അവിവാഹിതനാണെന്നും, ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാമെന്നും അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു.
അവിവാഹിതനായ ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. വിവാഹിതയായ ഒരാളുമായി പോലും ഉഭയസമ്മതത്തോടെയുള്ള ബന്ധം ഇപ്പോൾ ക്രിമിനൽ കുറ്റമല്ല. അപ്പോൾ പിന്നെ അവിവാഹിതനായ ഒരാൾക്ക് ഇത്രയധികം ആളുകളുമായി ബന്ധം പുലർത്തുന്നതിൽ എന്ത് നിയമപ്രശ്നമാണുള്ളതെന്ന് കോടതി ചോദിച്ചു.
എഫ്ഐആറുകൾ മാത്രം അടിസ്ഥാനമാക്കി ഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പറയാനാകില്ല. നിലവിലുള്ള കേസുകളിലൊന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലാത്തതിനാൽ അവ മുൻകാല ക്രിമിനൽ ചരിത്രമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
പരാതിക്കാരിയുമായുള്ള രാഹുലിന്റെ ബന്ധം പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സമയത്തും പരാതിക്കാരി രാഹുലിനൊപ്പം പോയി താമസിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, നഗ്നചിത്രങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്നത് മറ്റൊരു കുറ്റമാണെന്നും അത് പ്രത്യേകം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. വാട്ട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ ഗർഭച്ഛിദ്രം നടന്നുവെന്ന കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു.
ഒന്നാമത്തെ പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് വിധി പറയാൻ മാറ്റി. രാഹുലിനും പരാതിക്കാരിക്കുമിടയിലുള്ള ചാറ്റുകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, രാഹുലിനെതിരായ മൂന്നാം ലൈംഗിക പീഡന പരാതിയിൽ പത്തനംതിട്ട സെഷൻസ് കോടതി സംശയങ്ങളുയർത്തി. കേസിൽ രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ബലാത്സംഗ ആരോപണത്തിൽ കോടതി സംശയങ്ങളുന്നയിച്ചത്. പരാതി നൽകിയതിലെ കാലതാമസം, ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെടുന്ന സമയത്തിന് ശേഷം രാഹുലുമായുള്ള ബന്ധം, വിവാഹ വാഗ്ദാനത്തിലെ വൈരുദ്ധ്യം തുടങ്ങിയവയാണ് കോടതി ചൂണ്ടിക്കാട്ടിയത്.
പരാതിക്കാരി വിവാഹിതയാണെന്നും ആ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രതി എങ്ങനെ പരാതിക്കാരിയെ നിയമപരമായി വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നത് വിചാരണയിൽ തെളിയേണ്ട കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം ആരോപിക്കപ്പെടുന്ന സമയത്തിന് ശേഷവും പരാതിക്കാരി രാഹുലുമായി വാട്സാപ്പ് വഴിയും മറ്റും സൗഹൃദബന്ധം തുടർന്നിരുന്നുവെന്നും, പലതവണ പണം കൈമാറിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് കോടതി പറഞ്ഞു.