30/03/2026
[fontresizer_tawhidurrahmandear_widget]

ഗസ്സക്കാരെ നേരിട്ടുകാണാന്‍ ആഞ്ജലീന ജോളി റഫായില്‍; ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ച് ഹോളിവുഡ് താരം

 ഗസ്സക്കാരെ നേരിട്ടുകാണാന്‍ ആഞ്ജലീന ജോളി റഫായില്‍; ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ച് ഹോളിവുഡ് താരം

റഫാ അതിര്‍ത്തിയിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുന്ന ഹോളിവുഡ് താരം ആഞ്ജലീന ജോളി

എല്‍ അരീഷ് (ഈജിപ്ത്): ഗസ്സയിലെ ജനങ്ങള്‍ നേരിടുന്ന കൊടിയ ദുരിതത്തില്‍ ആശങ്കയുമായി റഫായില്‍ നേരിട്ടെത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഈജിപ്തിലെ റഫ അതിര്‍ത്തി സന്ദര്‍ശിച്ച താരം, യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നു പകലാണ് ആഞ്ജലീന ഗസ്സക്കാരെ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനുമായി എത്തിയത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ക്കും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ആഞ്ജലീന നോര്‍ത്ത് സീനാ ഗവര്‍ണറേറ്റിലെ എല്‍ അരിഷില്‍ എത്തിയത്. സീനാ ഗവര്‍ണര്‍ മേജര്‍ ജനറല്‍ ഡോ. ഖാലിദ് മൊഗാവര്‍, മുന്‍ മന്ത്രി നബീല മക്രം എന്നിവരും താരത്തെ അനുഗമിച്ചിരുന്നു.

ഗസ്സയിലെ മാനുഷിക സാഹചര്യം വിലയിരുത്താനും സഹായ വിതരണ സംവിധാനങ്ങള്‍ പരിശോധിക്കാനുമായിരുന്നു സന്ദര്‍ശനം. അതിര്‍ത്തിയിലെ വെയര്‍ഹൗസുകള്‍ സന്ദര്‍ശിച്ച താരം, എല്‍ അരിഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റ ഫലസ്തീനികളെയും കണ്ടു.

ഗസ്സയിലെ നിവാസികള്‍ കടുത്ത യാതനയും വലിയ മാനുഷിക ദുരന്തവുമാണ് നേരിടുന്നതെന്ന് റഫായില്‍ ആഞ്ജലീന മാധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗം കൂടുതല്‍ സഹായങ്ങള്‍ അവിടെ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈജിപ്തിന്റെ ഭാഗത്തുനിന്നുള്ള അതിര്‍ത്തി 2023 മുതല്‍ തുറന്നുകിടക്കുകയാണെന്നും, എന്നാല്‍ ഇസ്രയേല്‍ പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഗവര്‍ണര്‍ ഖാലിദ് മൊഗാവര്‍ വ്യക്തമാക്കി. പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കാന്‍ ഈജിപ്ത് പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

ഫലസ്തീന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് ആഞ്ജലീനയുടെ ഈ സന്ദര്‍ശനം. ഗസ്സയിലെ ആക്രമണ സമയത്തും താരം നിരന്തരം ഫലസ്തീനികള്‍ക്കു വേണ്ടി ശബ്ദിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്കും യുദ്ധബാധിതര്‍ക്കും വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ആഞ്ജലീന ജോളിയുടെ റഫ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Also read: