യുദ്ധഭീതിക്കിടെ ഇറാന്റെ വമ്പന്‍ പടയൊരുക്കം? വിപ്ലവ ഗാര്‍ഡ് മുന്‍ മേധാവിമാരെ വിളിച്ചുചേര്‍ത്ത് ഉന്നതതല യോഗം
ഐആര്‍ജിസി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്‍ മേധാവിമാരും
തെഹ്റാന്‍: മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. ‘നാഷണല്‍ ഗാര്‍ഡ്സ് ഡേ’യോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ശത്രുക്കളുടെ ഗൂഢാലോചനകളെ നേരിടാന്‍ ഇറാനിയന്‍ സായുധ സേനകള്‍ പൂര്‍ണ സജ്ജമാണെന്നും ഒറ്റക്കെട്ടാണെന്നും യോഗം വിലയിരുത്തി. ഏത് തരത്തിലുള്ള ആക്രമണത്തെയും ചെറുക്കാന്‍ സേന തയ്യാറാണ്. ശത്രുരാജ്യങ്ങള്‍ നടത്തുന്ന മാനസിക യുദ്ധങ്ങളെയും ഭീഷണികളെയും ഇറാന്‍ ഭയപ്പെടുന്നില്ലെന്നും കമാന്‍ഡര്‍മാര്‍ വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷയും അതിര്‍ത്തി സുരക്ഷയും ഉറപ്പാക്കുന്നതില്‍ സൈന്യം വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരും. ശത്രുക്കളുടെ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ വിപ്ലവ ഗാര്‍ഡ് കൂടുതല്‍ കരുത്താര്‍ജിച്ചതായും യോഗം വിലയിരുത്തി.
അമേരിക്കയില്‍നിന്നും ഇസ്രയേലില്‍നിന്നും ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇറാനിലെ സൈനിക നേതൃത്വം ഒറ്റക്കെട്ടാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ കരുതുന്നു. അതേസമയം, മേഖലയില്‍ അമേരിക്ക കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കൂടുതല്‍ ശക്തമായ സൈനിക നീക്കങ്ങള്‍ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഇറാനിലെ ഉന്നതതല യോഗമെന്നും സൂചനയുണ്ട്.