’ജനനായകൻ’ വരുന്നു; സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിര്‍ദേശം
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ചിത്രത്തിന് യു/എ (U/A 16+) സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
റിലീസിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ചിത്രം മാറ്റിവയ്‌ക്കേണ്ടി വന്നത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരുന്നു. ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ മുന്‍കൂട്ടി വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയില്‍ വിജയ്ക്ക് പിന്തുണയുമായി പ്രമുഖ താരങ്ങള്‍ രംഗത്തെത്തി. തിരിച്ചടികള്‍ തളര്‍ത്താത്ത വ്യക്തിത്വമാണ് വിജയിയെന്നും, ഈ കൊടുങ്കാറ്റും കടന്നുപോകുമെന്നും നടന്‍ സിലംബരശന്‍ എക്‌സില്‍ കുറിച്ചു. നടന്‍ ജയ്, തെലുങ്ക് താരം പ്രഭാസിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്നിവരും ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
റിലീസ് വൈകിയതില്‍ ആരാധകര്‍ക്ക് വിഷമമുണ്ടെങ്കിലും കോടതി വിധി അനുകൂലമായതോടെ വലിയ ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് സോഷ്യല്‍ മീഡിയ. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചിത്രം എത്രയും വേഗം തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.