അമിത് ഷാ വന്നുപോയതിന് പിന്നാലെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍; വിജയ്‌യുമായി സഖ്യനീക്കവുമായി ബിജെപി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ ഒരുങ്ങി ബിജെപി. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ബിജെപി ഗൗരവമായി ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കങ്ങള്‍ സജീവമായത് എന്നാണ് വിലയിരുത്തല്‍.
ഡിഎംകെ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ എല്ലാ പ്രതിപക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ നല്‍കിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേരിട്ട തിരിച്ചടികള്‍ കണക്കിലെടുത്ത് വൈകാരികമായ തീരുമാനങ്ങള്‍ക്ക് പകരം കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
ടിവികെ കോണ്‍ഗ്രസുമായി അടുക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ബിജെപി തങ്ങളുടെ നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ടിവികെ വക്താവ് ഫെലിക്‌സ് ജെറാര്‍ഡ് അടുത്തിടെ കോണ്‍ഗ്രസിനെ ‘സ്വാഭാവിക സഖ്യകക്ഷി’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ സഖ്യത്തിന് തടസ്സമാകുന്നു എന്ന വിലയിരുത്തലിലാണ് ബിജെപി തങ്ങളുടെ അവസരം തിരയുന്നത്.
അതേസമയം, എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയെ കാണാന്‍ അമിത് ഷാ തയ്യാറാകാതിരുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്‍ഡിഎ സഖ്യം ഒരു നേതാവിലോ പാര്‍ട്ടിയിലോ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജനുവരി 14ഓടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും മഹാസഖ്യത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കാനും നേതാക്കളോട് അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിഎംകെയ്‌ക്കെതിരെ ശക്തമായ ബദല്‍ നിരയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.