കളിക്കിടെ മൈതാനത്ത് കുഴഞ്ഞുവീണു; മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം
ഐസ്വാൾ: ക്രിക്കറ്റ് മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മിസോറാം മുൻ രഞ്ജി ട്രോഫി താരം കെ. ലാൽറെമ്രുഅത (38) അന്തരിച്ചു. ഐസ്വാളിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. വിക്കറ്റ് കീപ്പർ ബാറ്ററായി തിളങ്ങിയിരുന്ന ലാൽറെമ്രുഅത, നിലവിൽ മിസോറാം ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ടൂർണമെന്റ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
ഐസ്വാളിലെ എസ്.സി.ജി ഗ്രൗണ്ടിൽ നടന്ന ഖാലിദ് മെമ്മോറിയൽ രണ്ടാം ഡിവിഷൻ സ്‌ക്രീനിംഗ് ടൂർണമെന്റിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വെങ്‌നുവായ് റൈഡേഴ്‌സ് സിസിയും ചൗൺപുയി ഐഎൽഎംഒവി സിസിയും തമ്മിലുള്ള മത്സരത്തിൽ വെങ്‌നുവായ് ടീമിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. കളി പുരോഗമിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ലാൽറെമ്രുഅത മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹതാരങ്ങളും ഒഫീഷ്യലുകളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ട്രോക്ക് മൂലമാണ് മരണം സംഭവിച്ചതെന്ന് മിസോറാം ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു.
മിസോറാമിനായി രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളിലും സയ്യിദ് മുഷ്താഖ് അലി ട്രോഫി ഉൾപ്പെടെയുള്ള ഏഴ് ടി20 മത്സരങ്ങളിലും അദ്ദേഹം ജേഴ്സിയണിഞ്ഞിട്ടുണ്ട്. കളിജീവിതത്തിന് ശേഷം ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനിലും സജീവമായിരുന്നു. സംസ്ഥാനത്തെ ക്രിക്കറ്റ് വികസനത്തിനും ടൂർണമെന്റുകളുടെ നടത്തിപ്പിനും അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്.
ലാൽറെമ്രുഅതയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്നലെ നടക്കാനിരുന്ന എല്ലാ ഔദ്യോഗിക ക്രിക്കറ്റ് മത്സരങ്ങളും മിസോറാം ക്രിക്കറ്റ് അസോസിയേഷൻ മാറ്റിവെച്ചു. രണ്ടാം ഡിവിഷൻ ടൂർണമെന്റുകൾ, മൂന്നാം ഡിവിഷൻ സെമിഫൈനലുകൾ, ഇന്റർസ്‌കൂൾ മത്സരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മിസോറാം കായിക മന്ത്രി ലാൽങ്ഹിംഗ്ലോവ ഹ്മർ താരത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ലാൽറെമ്രുഅതയുടെ അകാല മരണം മിസോറാം ക്രിക്കറ്റിന് നികത്താനാവാത്ത നഷ്ടമാണെന്ന് ക്രിക്കറ്റ് അസോസിയേഷനും അനുസ്മരിച്ചു.