28/03/2026
[fontresizer_tawhidurrahmandear_widget]

മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ

 മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നരേന്ദ്ര മോദി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്‍) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ ദ്രോഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശീലം,’ ഖാര്‍ഗെ വിമര്‍ശിച്ചു.

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു വലിയ പദ്ധതികള്‍ കൊണ്ടുവന്നു. എന്നാല്‍ ബിജെപി എന്ത് ചെയ്തുവെന്ന് പറയാനാകുമോ എന്നും ഖാര്‍ഗെ ചോദിച്ചു.

ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ‘നാമദാര്‍’ (പാരമ്പര്യമായി അധികാരം ലഭിച്ചവര്‍) ആയ കോണ്‍ഗ്രസിന് ഒബിസി വിഭാഗത്തില്‍നിന്നുള്ള, ദരിദ്ര പശ്ചാത്തലത്തില്‍നിന്നുള്ള ഒരു ‘കാംദാര്‍'(അധ്വാനിക്കുന്ന) പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. അവര്‍ നേരത്തെയും അദ്ദേഹത്തിന്റെ ‘ചായവാല’ പശ്ചാത്തലത്തെ പരിഹസിച്ചിരുന്നു. 150 തവണ അദ്ദേഹത്തെ അധിക്ഷേപിച്ചു. ബിഹാറില്‍ വെച്ച് അദ്ദേഹത്തിന്റെ അമ്മയെ പോലും വെറുതെവിട്ടില്ല. ജനങ്ങള്‍ ഇതിനൊരിക്കലും മാപ്പ് നല്‍കില്ലെന്നും പൂനവാല പറഞ്ഞു.

Also read: