28/03/2026
[fontresizer_tawhidurrahmandear_widget]

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേന; പ്രതിഷേധവുമായി പ്രതിപക്ഷം, നടപടിയുണ്ടാകുമെന്ന് തെര. കമ്മീഷന്‍

 മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേന; പ്രതിഷേധവുമായി പ്രതിപക്ഷം, നടപടിയുണ്ടാകുമെന്ന് തെര. കമ്മീഷന്‍

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍. ഇതേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മായ്ക്കാവുന്ന മഷിയാണ് മാര്‍ക്കര്‍ പേനകളിലുള്ളതെന്നും ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. വോട്ട് ചെയ്തതിന് തെളിവായി വിരലില്‍ പുരട്ടുന്ന മഷിക്ക് പകരം പല ബൂത്തുകളിലും മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചത്. അസെറ്റോണ്‍ പോലുള്ള ലായനികള്‍ ഉപയോഗിച്ചാല്‍ ഈ മഷി എളുപ്പത്തില്‍ മായിച്ചുകളയാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണകക്ഷിയായ മഹായുതി സഖ്യം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ ആരോപിച്ചു.

പൂനെയിലെ ഒരു ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ കൈയിലെ മഷി മായ്ക്കാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. മഷി മായ്ക്കാനുള്ള ലായനികള്‍ ബിജെപി ഓഫീസില്‍നിന്ന് പിടിച്ചെടുത്തതായും ഇവര്‍ അവകാശപ്പെട്ടു.

അതേസമയം, ആരോപണങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 2012 മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മാര്‍ക്കര്‍ പേനകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് പുതിയ കാര്യമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. മഷി മായ്ച്ചാലും വീണ്ടും വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ കള്ളവോട്ട് തടയാന്‍ സംവിധാനങ്ങളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മഷി മായ്ക്കുന്നത് തെരഞ്ഞെടുപ്പ് കുറ്റകൃത്യമായി കണക്കാക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാജയഭീതി മൂലമാണ് പ്രതിപക്ഷം ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. മുംബൈയിലെ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

Also read: