ഗോമൂത്രത്തില്‍നിന്ന് കാന്‍സര്‍ ചികിത്സ! ചാണകം വാങ്ങാന്‍ 1.92 കോടി! മധ്യപ്രദേശ് ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കി വന്‍ സാമ്പത്തിക തട്ടിപ്പ്
ഭോപ്പാല്‍: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സര്‍ ഭേദമാക്കാമെന്ന അവകാശവാദവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ ആരംഭിച്ച ഗവേഷണ പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്ന ‘പഞ്ചഗവ്യ’ ഗവേഷണ പദ്ധതിയിലാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
2011-ല്‍ ആരംഭിച്ച പദ്ധതി ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ ‘പഞ്ചഗവ്യ’ ഉപയോഗിച്ച് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തത്. സര്‍വകലാശാല ആദ്യം എട്ടു കോടി രൂപയുടെ പദ്ധതി നിര്‍ദേശമാണ് സമര്‍പ്പിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ 3.5 കോടി രൂപ അനുവദിക്കുകയായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഗവേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാതെ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഡിവിഷണല്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം അഡീഷണല്‍ കലക്ടര്‍ രഘുവര്‍ മറാവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2011 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പദ്ധതിയുടെ പേരില്‍ നടന്ന ചെലവുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ചാണകം, ഗോമൂത്രം, മറ്റ് അനുബന്ധ അസംസ്‌കൃത വസ്തുക്കള്‍, പാത്രങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ വാങ്ങുന്നതിനായി മാത്രം 1.92 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ വിപണി വിലയനുസരിച്ച് ഇതിന് പരമാവധി 15 മുതല്‍ 20 ലക്ഷം രൂപ വരെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഗവേഷണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ഗോവ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് 23-24 തവണ വിമാനയാത്രകള്‍ നടത്തിയതായും കണ്ടെത്തി. ഈ യാത്രകളുടെ ആവശ്യകതയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സംശയം ഉന്നയിക്കുന്നുണ്ട്.
ഗവേഷണ പദ്ധതിയുടെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാത്ത 7.5 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാര്‍ വാങ്ങിയതായും, ഇന്ധനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 7.5 ലക്ഷം രൂപ കൂടി ചെലവഴിച്ചതായും കണ്ടെത്തി. കൂടാതെ, ഫര്‍ണിച്ചറുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുമായി 15 ലക്ഷം രൂപയും ലേബര്‍ ചാര്‍ജായി 3.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഗവേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത ഇത്തരം ചിലവുകള്‍ എന്തിനായിരുന്നുവെന്ന ചോദ്യം അന്വേഷണ സംഘം ഉയര്‍ത്തുന്നു. കാര്‍ഷിക പരിശീലനത്തിന്റെ പേരില്‍ പണം ചെലവഴിച്ചതായി രേഖകളുണ്ടെങ്കിലും എന്ത് പരിശീലനമാണ് നല്‍കിയതെന്നതിന് വ്യക്തമായ രേഖകളില്ല. മാത്രമല്ല, വാങ്ങിയെന്ന് പറയപ്പെടുന്ന വാഹനങ്ങള്‍ പലതും കാണാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ രഘുവര്‍ മറാവി പറഞ്ഞു.
അതേസമയം, സര്‍വകലാശാല അധികൃതര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. എല്ലാ ഇടപാടുകളും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയതെന്നും ഓപ്പണ്‍ ടെന്‍ഡറുകള്‍ വഴിയാണ് സാധനങ്ങള്‍ വാങ്ങിയതെന്നും സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എസ്.എസ്. തോമര്‍ പ്രതികരിച്ചു. പദ്ധതി സുതാര്യമായിരുന്നുവെന്നും ഓഡിറ്റിങ്ങിന് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലും കാന്‍സറിന് ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയാത്തതും പൊതുപണം ധൂര്‍ത്തടിച്ചതുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.