28/03/2026
[fontresizer_tawhidurrahmandear_widget]

‘ഉമർ ഖാലിദും ഷർജീലും ജയിലിൽ കിടക്കുന്നത് കോൺഗ്രസ് കാരണം; അരുന്ധതി റോയി വരെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’- വിമര്‍ശനവുമായി ഉവൈസി

 ‘ഉമർ ഖാലിദും ഷർജീലും ജയിലിൽ കിടക്കുന്നത്  കോൺഗ്രസ് കാരണം; അരുന്ധതി റോയി വരെ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’- വിമര്‍ശനവുമായി ഉവൈസി

മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. യുപിഎ സർക്കാരിന്റെ കാലത്ത് പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് യുഎപിഎ നിയമത്തിൽ കർക്കശമായ ഭേദഗതികൾ കൊണ്ടുവന്നത്. വിചാരണ കൂടാതെ തടവുകാരെ ദീർഘകാലം ജയിലിലിടാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകിയത് ഈ മാറ്റങ്ങളാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി.

2008ൽ ഈ നിയമം ചർച്ച ചെയ്യുമ്പോൾ തന്നെ താൻ ഇതിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നെന്ന് ഉവൈസി ഓർമിപ്പിച്ചു. നിയമത്തിലെ സെക്ഷൻ 15(എ)-യിൽ ‘മറ്റേതെങ്കിലും മാർഗത്തിലൂടെ’ എന്ന അവ്യക്തമായ പ്രയോഗം ഉൾപ്പെടുത്തിയത് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകാനാണെന്നും, എഴുത്തുകാരി അരുന്ധതി റോയിയെ വരെ ഇതിലുൾപ്പെടുത്തി അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് താൻ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

“അഞ്ചര വർഷമായി ഈ യുവാക്കൾ ജയിലിലാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏതെങ്കിലും കോൺഗ്രസ് നേതാവ് ഇതുപോലെ അഞ്ചര വർഷം ജയിലിൽ കിടന്നിട്ടുണ്ടോ?”-ഉവൈസി ചോദിച്ചു.

കുറ്റപത്രം സമർപ്പിക്കാതെ 180 ദിവസം വരെ തടങ്കലിൽ വെക്കാൻ അനുവദിക്കുന്ന 43ഡി വകുപ്പ് ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് ഉപയോഗിക്കുന്നതെന്നും അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി.

Also read: