‘ബംഗാളിൽ രാഷ്ട്രപതി ഭരണം അനിവാര്യം’; വൻ അഴിമതി ഉടൻ പുറത്തുവരുമെന്ന് ബിജെപി എംപി, പ്രതികരണവുമായി തൃണമൂൽ നേതാക്കൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉടൻ തന്നെ രാഷ്ട്രപതി ഭരണത്തിന് സാഹചര്യമൊരുങ്ങുമെന്ന് ബിജെപി എംപിയും മുൻ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന വലിയ അഴിമതി പുറത്തുവരുമെന്നും ഇതിനെത്തുടർന്നുണ്ടാകുന്ന ക്രമസമാധാന തകർച്ച രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. തംലുക് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയായ ഗംഗോപാധ്യായയുടെ ഈ പ്രസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.
പുറത്തുവരാനിരിക്കുന്ന അഴിമതിയിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുമെന്നും 72 മണിക്കൂർ നീളുന്ന പണിമുടക്കുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനരോഷം ശക്തമാകുന്നതോടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയല്ലാതെ മറ്റ് വഴികളുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഗംഗോപാധ്യായയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. അഴിമതിയെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെ സമീപിക്കണമെന്നും, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനായി ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നതാകും നല്ലതെന്നും തൃണമൂൽ സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് തിരിച്ചടിച്ചു. ബംഗാളിലെ ജനങ്ങൾ ഇപ്പോഴും തൃണമൂലിനൊപ്പമാണെന്നും ഇത്തരം സ്ഥിരം പല്ലവികൾ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയായിരിക്കെ സ്‌കൂൾ ജോലി തട്ടിപ്പ് കേസിൽ നിർണ്ണായക വിധികൾ പുറപ്പെടുവിച്ച ഗംഗോപാധ്യായ, സർവീസിൽ നിന്ന് രാജിവെച്ചാണ് ബിജെപിയിൽ ചേർന്നതും ലോക്‌സഭയിലേക്ക് വിജയിച്ചതും.