27/01/2026

കരിഷ്മയുടെ വിവാഹമോചന രേഖകൾ വേണം; സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ സുപ്രീം കോടതിയിൽ

 കരിഷ്മയുടെ വിവാഹമോചന രേഖകൾ വേണം; സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ബോളിവുഡ് താരം കരിഷ്മ കപൂറും അന്തരിച്ച വ്യവസായി സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹമോചന രേഖകൾ ആവശ്യപ്പെട്ട് സഞ്ജയുടെ മൂന്നാം ഭാര്യ പ്രിയ കപൂർ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പ്രിയയുടെ ഈ നീക്കം തികച്ചും ‘നിസ്സാരവും’ തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കരിഷ്മ കോടതിയിൽ വ്യക്തമാക്കി.

സഞ്ജയ് കപൂറിന്റെ നിയമപരമായ അവകാശി താനാണെന്നും ഡൽഹി ഹൈക്കോടതിയിൽ നിലവിലുള്ള അനന്തരാവകാശ കേസിലെ നടപടികൾ പൂർത്തിയാക്കാൻ 2016ലെ വിവാഹമോചന രേഖകൾ അനിവാര്യമാണെന്നുമാണ് പ്രിയയുടെ വാദം. എന്നാൽ തന്റെ കക്ഷിയുടെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈക്കലാക്കാനുള്ള ശ്രമമാണിതെന്ന് കരിഷ്മയുടെ അഭിഭാഷകൻ വാദിച്ചു. കേസിൽ വിശദമായ മറുപടി നൽകാൻ കരിഷ്മയ്ക്ക് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

പ്രിയയുടെ നീക്കം അനാവശ്യമാണെന്ന് സഞ്ജയുടെ സഹോദരി മന്ധിര കപൂറും പ്രതികരിച്ചു. കുട്ടികളുടെ ഭാവി ഉൾപ്പെടെയുള്ള വിഷയങ്ങൾ അടങ്ങിയ രേഖകൾ പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 2025 ജൂണിലാണ് സഞ്ജയ് കപൂർ അന്തരിച്ചത്. ഇതിനുപിന്നാലെ സഞ്ജയുടെ എസ്‌റ്റേറ്റും വിൽപത്രവും സംബന്ധിച്ച് കരിഷ്മയുടെ മക്കളും പ്രിയ കപൂറും തമ്മിൽ നിയമപോരാട്ടം രൂക്ഷമായിരിക്കുകയാണ്. 2003ൽ വിവാഹിതരായ കരിഷ്മയും സഞ്ജയും നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2016ലാണ് വേർപിരിഞ്ഞത്.

Also read: