30/03/2026
[fontresizer_tawhidurrahmandear_widget]

‘അച്ചടക്കം പ്രധാനം, ക്ഷണിക്കാതെ പോകില്ല’; പ്രധാനമന്ത്രിയുടെ വേദിയിലെ നിലപാടിൽ വിശദീകരണവുമായി ആർ ശ്രീലേഖ

 ‘അച്ചടക്കം പ്രധാനം, ക്ഷണിക്കാതെ പോകില്ല’; പ്രധാനമന്ത്രിയുടെ വേദിയിലെ നിലപാടിൽ വിശദീകരണവുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടി പരിപാടിയിൽ അദ്ദേഹത്തിനടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. പ്രധാനമന്ത്രിയുള്ള വേദിയിൽ താൻ അച്ചടക്കം പാലിക്കുകയാണ് ചെയ്തതെന്നും നിശ്ചയിച്ചു നൽകിയ സ്ഥാനത്ത് നിലയുറപ്പിച്ചത് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ദീർഘകാലം പോലീസ് ഉദ്യോഗസ്ഥയായിരുന്നതിനാൽ തനിക്ക് അച്ചടക്കം പ്രധാനമാണെന്നും പാർട്ടി പ്രവർത്തക എന്ന നിലയിൽ അതാണ് ചെയ്തതെന്നും അവർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ: ‘പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ബിജെപി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് എനിക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചത്. മുപ്പത്തിമൂന്നര വർഷം പൊലീസ് ഉദ്യോഗസ്ഥയായി ജോലി ചെയ്ത എനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങോട്ടേക്ക് ക്ഷണിച്ചാലല്ലാതെ ഒരു സ്ഥലത്തേക്ക് പോകരുതെന്ന പരിശീലനമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി വരുമ്പോഴും പോകുമ്പോഴും എനിക്ക് നൽകപ്പെട്ട സ്ഥാനത്ത് തന്നെ ഞാൻ ഇരുന്നു. മാധ്യമങ്ങളിൽ ഇത് മോശമായ രീതിയിൽ പരാമർശിച്ചു കണ്ടു, ഇതിൽ ആരും തെറ്റിദ്ധരിക്കേണ്ടതില്ല.’

തിരുവനന്തപുരം കോർപറേഷനിൽ മേയർ പദവി നിഷേധിക്കപ്പെട്ടതിൽ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. പ്രധാനമന്ത്രിയെ യാത്രയാക്കാൻ പാർട്ടി നേതാക്കൾ എത്തിയപ്പോഴും ശ്രീലേഖ തന്റെ ഇരിപ്പിടത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തന്നെ മത്സരത്തിനിറക്കിയ ശേഷം അവസാന നിമിഷം പിന്തള്ളിയതിൽ അവർ മുൻപ് പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നേതൃത്വം ഒരു തീരുമാനം എടുത്താൽ അതിനോട് എതിർത്ത് നിൽക്കാനാവില്ലെന്നും തന്നെ വിജയിപ്പിച്ച ജനങ്ങളോട് കൂറുള്ളതിനാൽ അഞ്ച് വർഷം കൗൺസിലറായി തുടരുമെന്നും അവർ വ്യക്തമാക്കി. എന്നാൽ തനിക്ക് പാർട്ടിയിൽ അതൃപ്തിയില്ലെന്നും കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നുമാണ് നിലവിൽ ശ്രീലേഖയുടെ വിശദീകരണം.

Also read: