02/03/2026
[fontresizer_tawhidurrahmandear_widget]

100 മതപണ്ഡിതർക്ക് തണലൊരുക്കി ‘സകൻ 100’; പ്രൗഢമായി എസ്എംഎഫ് ഭവന പദ്ധതി സമർപ്പണം

 100 മതപണ്ഡിതർക്ക് തണലൊരുക്കി ‘സകൻ 100’; പ്രൗഢമായി എസ്എംഎഫ് ഭവന പദ്ധതി സമർപ്പണം

കോഴിക്കോട്: സമസ്ത നൂറാം വാർഷികത്തിന്റെയും സുന്നി മഹല്ല് ഫെഡറേഷൻ(എസ്എംഎഫ്) ഗോൾഡൻ ജൂബിലിയുടെയും സംഘടിപ്പിച്ച ‘മഹല്ല് സാരഥി സംഗമം’ ചരിത്രമായി. ഉള്ളിയേരി ഇവൻസ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ നിർധനരായ 100 മതപണ്ഡിതർക്കുള്ള വീടുകളുടെ സമർപ്പണം ‘സകൻ 100’ എന്ന പേരിൽ നടന്നു. പദ്ധതിയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

മുസ്‌ലിം സമുദായത്തിന്റെ കരുത്ത് മഹല്ലുകളുടെ ഐക്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഉലമാക്കളും ഉമറാക്കളും കൈകോർത്ത് പ്രവർത്തിക്കുന്ന കേരളീയ മാതൃക ലോകത്തിന് തന്നെ ദർശനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മഹല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭിന്നിപ്പുകളെയും വിഘടനവാദങ്ങളെയും തുടക്കത്തിലേ നുള്ളിക്കളയണമെന്നും, പാരമ്പര്യമായി ലഭിച്ച ഐക്യത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.

സമസ്തയുടെ നൂറാം വാർഷിക സ്മാരകമായി മുഅല്ലിമീങ്ങൾക്കായി നിർമിച്ച ഭവന പദ്ധതിയുടെ സമർപ്പണം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇതിനകം ഭൂരിഭാഗം വീടുകളുടെയും പണി പൂർത്തിയായതായും അർഹരായ പണ്ഡിതന്മാർക്ക് അവ കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു. 10,000-ത്തോളം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ പദ്ധതിയുടെ വിശദീകരണം സ്വാഗത സംഘം അവതരിപ്പിച്ചു.

സമ്മേളനത്തിൽ സുന്നി മഹല്ല് ഫെഡറേഷന്റെ പുതിയ മീഡിയ വിങ്ങായ ‘ട്രൂ നെറ്റ്’ പ്രോജക്ട് ലോഞ്ചിങ്് തങ്ങൾ നിർവഹിച്ചു. മഹല്ലുകളിൽ സേവന സന്നദ്ധരായ ആളുകളെ ഏകോപിപ്പിക്കുന്ന ‘സ്മാർട്ട് ടീം’ പോലുള്ള സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

എം.സി മായിൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുറഹ്മാൻ കല്ലായി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, തിരൂർ നഗരസഭ ചെയർമാൻ ഇബ്രാഹിം ഹാജി തിരൂർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ മാഹാണി ജസീം എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതവും, സി.ടി അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

Also read: