28/03/2026
[fontresizer_tawhidurrahmandear_widget]

‘കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു’; ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചതിനെ കുറിച്ച് സന ഖാന്‍

 ‘കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു’; ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചതിനെ കുറിച്ച് സന ഖാന്‍

സന ഖാന്‍ ഭര്‍ത്താവ് അനസിനൊപ്പം

മുംബൈ: ബോളിവുഡ് വിട്ട് ആത്മീയപാത സ്വീകരിച്ചത് ഭര്‍ത്താവ് മുഫ്തി അനസ് സഈദിന്റെ പ്രേരണ മൂലമാണെന്ന ആരോപണങ്ങള്‍ തള്ളി മുന്‍ നടി സന ഖാന്‍. തന്നെ ആരും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തിട്ടില്ലെന്നും, മാനസിക സമാധാനം ആഗ്രഹിച്ചാണ് താന്‍ സിനിമാ ലോകം വിട്ടതെന്നും സന വ്യക്തമാക്കി. നടി രശ്മി ദേശായിയുമായുള്ള ഒരു സംഭാഷണത്തിലാണ് സന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

‘ഹിജാബ് ധരിക്കാതെ നടന്നിരുന്ന ഒരാള്‍ പെട്ടെന്ന് ഇങ്ങനെയൊക്കെ മാറുമ്പോള്‍, ഭര്‍ത്താവ് ബ്രെയിന്‍വാഷ് ചെയ്തതാണെന്ന് ആളുകള്‍ കരുതിയേക്കാം. എന്നാല്‍ ആര്‍ക്കും ആരെയും അങ്ങനെ മാറ്റാന്‍ കഴിയില്ല. എനിക്ക് സമാധാനമാണ് വേണ്ടിയിരുന്നത്,’ സന പറഞ്ഞു.

തന്റെ വിവാഹം അതീവ രഹസ്യമായിരുന്നെന്നും സന വെളിപ്പെടുത്തി. ‘വിവാഹം ഉറപ്പിച്ചപ്പോള്‍ അതൊരു അതീവ രഹസ്യമായിരുന്നു. ഉമ്മയ്ക്കും ബാപ്പയ്ക്കും അല്ലാതെ മറ്റാര്‍ക്കും വരന്റെ പേര് പോലും അറിയില്ലായിരുന്നു. മെഹന്ദി ഇടാന്‍ വന്നയാള്‍ പേര് ചോദിച്ചപ്പോള്‍ പോലും ഞാന്‍ പറഞ്ഞില്ല. എന്റെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. ഞാന്‍ മറ്റൊരു വ്യക്തിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് ഞാന്‍ ആഗ്രഹിച്ച മാറ്റമാണ്, അദ്ദേഹം അതിന് വഴികാട്ടിയാവുക മാത്രമാണ് ചെയ്തത്,’ സന കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് സനയുടെ വാക്കുകള്‍ ഇങ്ങനെ: ‘നമ്മുടെ ചുറ്റുപാടുകള്‍ ശരിയല്ലെങ്കില്‍ നമ്മുടെ തീരുമാനങ്ങളും തെറ്റാവാന്‍ സാധ്യതയുണ്ടെന്ന് പറയാറുണ്ട്. കാലം കടന്നുപോയപ്പോള്‍ ഞാന്‍ ചില കാര്യങ്ങള്‍ പഠിച്ചു. അതുകൊണ്ടാണ് അദ്ദേഹവുമായുള്ള ബന്ധത്തിന് ഞാന്‍ ഇത്രയധികം വിലകല്‍പ്പിക്കുന്നത്. ഇതിലും മികച്ച ഒരാളെ എനിക്ക് ലഭിക്കില്ലെന്ന് ഞാന്‍ ഭര്‍ത്താവിനോട് പറയാറുണ്ട്. ഇതൊരു കടുപ്പമേറിയ തീരുമാനമായിരുന്നു, എങ്കിലും ഞാന്‍ അതില്‍ ഉറച്ചുനിന്നു.’

സല്‍മാന്‍ ഖാന്‍ നായകനായ ‘ജയ് ഹോ’, ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’ തുടങ്ങിയ ചിത്രങ്ങളിലൂടെയും ബിഗ് ബോസ് സീസണ്‍ 6-ലൂടെയും ശ്രദ്ധേയയായ താരമാണ് സന ഖാന്‍. 2020-ലാണ് സന സിനിമാ ലോകം വിട്ടത്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് സന.

Also read: