28/03/2026
[fontresizer_tawhidurrahmandear_widget]

സവര്‍ണ ഹിന്ദു സ്വത്വം എന്നെ രക്ഷിച്ചു, ഉമര്‍ ഖാലിദിന് ജയിലില്‍ കിടക്കേണ്ടി വന്നു- സ്വര ഭാസ്‌കര്‍

 സവര്‍ണ ഹിന്ദു സ്വത്വം എന്നെ രക്ഷിച്ചു, ഉമര്‍ ഖാലിദിന് ജയിലില്‍ കിടക്കേണ്ടി വന്നു- സ്വര ഭാസ്‌കര്‍

മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരേ കുറ്റത്തിന്റെ പേരില്‍ കേസ് നേരിട്ടിട്ടും ഉമര്‍ ഖാലിദിനെപ്പോലെ താന്‍ ജയിലിലായില്ല. അതിന് കാരണം തന്റെ സവര്‍ണ ഹിന്ദു എന്ന സ്വത്വമാണെന്നും സ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഉമര്‍ ഖാലിദും താനും ഒരേ ആരോപണങ്ങള്‍ നേരിട്ടവരാണ്. എന്നാല്‍, ഒരു മുസ്‌ലിമായ ഉമര്‍ ഖാലിദിനെ വേട്ടയാടുന്നത് പോലെ തന്നെ ലക്ഷ്യമിടുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്വരയുടെ പ്രതികരണം.

‘ഇത് സത്യമാണ്.. കാരണം, നീതിരഹിതമായ ഒരു നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക എന്ന ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുക മാത്രമാണ് ഞാനും ഉമറും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ ചെയ്തത്. എന്നാല്‍ എന്റെ ‘സവര്‍ണ ഹിന്ദു’ സ്വത്വം എന്നെ (ജയിലില്‍ പോകാതെ) രക്ഷിച്ചു.’-സ്വര ഭാസ്‌കര്‍ കുറിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ(സിഎഎ) പ്രതിഷേധങ്ങളില്‍ സജീവമായിരുന്ന ഉമര്‍ ഖാലിദ്, 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ജയിലിലടയ്ക്കപ്പെട്ടത്. കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ് അദ്ദേഹം. കേസില്‍ ഡല്‍ഹി ഹൈക്കോടതി നിരന്തരം ജാമ്യം നിഷേധിച്ചു. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയും ജാമ്യം നല്‍കാനാകില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

Also read: