യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വമ്പന്‍ പടയൊരുക്കം; തിരിച്ചടി ഭയന്ന് ട്രംപ് പിന്മാറി?-ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍/തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന്‍ നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖ്, സിറിയ എന്നിവടങ്ങളിലെ താവളങ്ങള്‍ക്ക് പുറമെ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടേക്കാം എന്നതായിരുന്നു ഭീഷണി.
അമേരിക്കയുടെ ആക്രമണം മേഖലയില്‍ വലിയ യുദ്ധത്തിന് വഴിവെക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത നല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇറാന്റെ ഭീഷണിയെത്തുടര്‍ന്ന് ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളത്തില്‍നിന്ന് ചില അമേരിക്കന്‍ ഉദ്യോഗസ്ഥരെ യുഎസ് പിന്‍വലിച്ചിരുന്നു. ഇത് ഇറാന്റെ ഭീഷണി അമേരിക്ക എത്ര ഗൗരവമായാണ് കണ്ടത് എന്നതിന്റെ തെളിവാണ്.
കഴിഞ്ഞ ദിവസമാണ് ഇറാനെ ആക്രമിക്കാന്‍ യുഎസ് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനു പിന്നാലെ ഇറാനിലെ പ്രക്ഷോഭകരെ വധിക്കുന്നത് നിര്‍ത്തിവെച്ചതായി വിവരം ലഭിച്ചെന്ന് ട്രംപും പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍, യഥാര്‍ത്ഥ കാരണം ഇറാന്റെ തിരിച്ചടി ഭയന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മേഖലയിലെ അമേരിക്കന്‍ സൈനികരുടെ സുരക്ഷയും ഗള്‍ഫ് സഖ്യകക്ഷികളുടെ എതിര്‍പ്പും ട്രംപിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.