‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മദുറോയിലും വലിയ വില നല്‍കേണ്ടിവരും’; ഇടക്കാല വെനസ്വേലന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പുമായി ട്രംപ്
കാരക്കാസ്: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് പിന്നാലെ, താൽക്കാലിക ഭരണകർത്താവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മദുറോയെക്കാൾ വലിയ വില നൽകേണ്ടി വരുമെന്നാണ് റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്.
‘അവർ ശരിയായ തീരുമാനമെടുക്കണം, അല്ലാത്തപക്ഷം മദുറോയേക്കാൾ വലിയ വില നൽകേണ്ടി വരും,’ ദി അറ്റ്‌ലാന്റിക് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ. അമേരിക്കൻ സൈനിക ഇടപെടലിലൂടെ മദുറോയെ പിടികൂടിയതിനെ റോഡ്രിഗസ് ശക്തമായി എതിർത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അമേരിക്കയുടെ സൈനിക നടപടിയെ വെല്ലുവിളിക്കുന്ന റോഡ്രിഗസിന്റെ നിലപാട് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു
മദുറോയുടെ കീഴിൽ പെട്രോളിയം മന്ത്രിയായിരുന്ന 56കാരിയായ ഡെൽസി റോഡ്രിഗസ് കഴിഞ്ഞ ദിവസമായിരിന്നു രാജ്യത്തിന്റെ ഇടക്കാല നേതാവായി ആദ്യ പ്രസംഗം നടത്തിയത്. മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും ഉടൻ മോചിപ്പിക്കണമെന്ന് അവർ പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെനസ്വേലയുടെ ഭരണം നിലവിൽ അമേരിക്കയുടെയും പേര് വെളിപ്പെടുത്താത്ത മറ്റൊരു സഖ്യകക്ഷിയുടെയും നിയന്ത്രണത്തിലാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
വെനസ്വേലയുടെ തകർന്നടിഞ്ഞ എണ്ണ പശ്ചാത്തല സൗകര്യങ്ങൾ പുനർനിർമ്മിക്കുമെന്നും അതിനായി കോടിക്കണക്കിന് ഡോളർ ചിലവാകുമെന്നും ട്രംപ് അറിയിച്ചു. അന്താരാഷ്ട്ര എണ്ണ കമ്പനികൾ നേരിട്ടായിരിക്കും ഈ തുക മുടക്കുകയെന്നും അവർക്ക് ഇതിനുള്ള പ്രതിഫലം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെനസ്വേലയുടെ ഭരണം കൃത്യമായ രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് തങ്ങൾ ഉറപ്പുവരുത്തുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അമേരിക്കയിൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ ട്രംപിനെ പിന്തുണയ്ക്കുകയാണ്. വെനസ്വേലയിലെ പുതിയ നേതൃത്വം അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന് അർക്കൻസാസ് സെനറ്റർ ടോം കോട്ടൺ പ്രതികരിച്ചു. സിഎൻഎന്നിന്റെ സ്‌റ്റേറ്റ് ഓഫ് ദി യൂണിയൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദുറോയെ പിടികൂടിയതിനെത്തുടർന്ന് വെനസ്വേലയിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലിലൂടെ രാജ്യം തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇതിനെതിരെ കടുത്ത പ്രതിരോധം ഉയർത്തുന്നത് മേഖലയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചേക്കാം. അന്താരാഷ്ട്ര സമൂഹവും വെനസ്വേലയിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.