26/01/2026

‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

 ‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്

കൊച്ചി: ട്വന്റി 20 നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരാൻ എടുത്ത തീരുമാനത്തിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം.

പാർലമെന്ററി ബോർഡോ വാർഡ് കമ്മിറ്റികളോ അറിയാതെയാണ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്ന് റസീന പരീത് ഉൾപ്പെടെയുള്ള നേതാക്കൾ കുറ്റപ്പെടുത്തി. ഇടതുവലതു മുന്നണികൾക്ക് ബദലായി നിൽക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടി, സബ്‌സിഡി നൽകാനെന്ന പേരിൽ നടത്തിയ സർവേ ബിജെപി പ്രവേശനത്തിനുള്ള ഗൂഢാലോചനയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ജനങ്ങളുടെ ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള ഈ വിവരശേഖരണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നുവെന്ന് ഇവർ പറയുന്നു.

പ്രസിഡന്റ് സാബു ജേക്കബിന്റെ ഏകാധിപത്യപരമായ നിലപാടുകളാണ് പാർട്ടിയെ തകർത്തതെന്ന് കോൺഗ്രസിലേക്ക് മാറിയവർ ആരോപിച്ചു. സ്വന്തം ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കാനാണ് സാബു ജേക്കബ് പാർട്ടിയെ ബിജെപി പാളയത്തിലെത്തിച്ചതെന്നും ഇവർ വിമർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നാണ് സൂചന. ഇതോടെ കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്വന്റി 20യിൽ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.

Also read: