30/03/2026
[fontresizer_tawhidurrahmandear_widget]

ഇഡിയെ ഭയന്നുള്ള രാഷ്ട്രീയ ചുവടുമാറ്റമോ? ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കിറ്റെക്‌സിനെതിരായ ഇഡി അന്വേഷണത്തിനിടെ

 ഇഡിയെ ഭയന്നുള്ള രാഷ്ട്രീയ ചുവടുമാറ്റമോ? ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കിറ്റെക്‌സിനെതിരായ ഇഡി അന്വേഷണത്തിനിടെ

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്നതിനിടെ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് എൻഡിഎ പാളയത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട ‘ഫെമ’ നിയമലംഘനത്തിലാണ് കിറ്റെക്‌സിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ രണ്ടുതവണ നോട്ടീസ് നൽകിയിട്ടും നേരിട്ട് ഹാജരാകാതെ സാബു ജേക്കബ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി രാഷ്ട്രീയ ചുവടുമാറ്റം സംഭവിച്ചിരിക്കുന്നത്.

ജനുവരി 22ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്വന്റി20 എൻഡിഎയുടെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് ഈ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുന്നണി പ്രവേശനമെന്ന് സാബു ജേക്കബ് അവകാശപ്പെടുമ്പോഴും, കേന്ദ്ര ഏജൻസികളുടെ നടപടികളിൽ നിന്നുള്ള സംരക്ഷണം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ഉയരുന്ന ആരോപണം.

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20ക്കുണ്ടായ തിരിച്ചടിയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അധികാരത്തിലുണ്ടായിരുന്ന നാലിൽ രണ്ട് പഞ്ചായത്തുകൾ നഷ്ടപ്പെടുകയും ജില്ലാബ്ലോക്ക് പഞ്ചായത്തുകളിൽ പരാജയപ്പെടുകയും ചെയ്തതോടെ ഒറ്റയ്ക്ക് നിൽക്കുന്നത് തിരിച്ചടിയാകുമെന്ന് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. ഏതായാലും ഇഡി അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ സാബു ജേക്കബ് നടത്തിയ ഈ നീക്കം കേരള രാഷ്ട്രീയത്തിൽ വലിയ സംവാദങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

Also read: