ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; എൻഡിഎ സഖ്യത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് കൂട്ടരാജി
പാലക്കാട്: ട്വന്റി ട്വന്റി പാർട്ടി എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ പാർട്ടിയിൽ കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി പ്രവർത്തകരാണ് ട്വന്റി ട്വന്റിയിൽ നിന്നുള്ള തങ്ങളുടെ ലയനം ഉപേക്ഷിച്ച് കൂട്ടത്തോടെ രാജിവെച്ചത്. ഇതോടെ മുതലമടയിൽ ട്വന്റി ട്വന്റിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.
പാർട്ടി ചെയർമാൻ സാബു ജേക്കബ് മറ്റ് നേതാക്കളുമായോ പ്രവർത്തകരുമായോ ആലോചിക്കാതെ ഏകപക്ഷീയമായാണ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് രാജിവെച്ചവർ ആരോപിക്കുന്നു. മുതലമടയിൽ ചേർന്ന യോഗത്തിൽ, ട്വന്റി ട്വന്റിയിലെ ലയനം അസാധുവാക്കിയതായും പഴയതുപോലെ ‘ജനകീയ വികസന മുന്നണി’യായി തന്നെ സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
മുതലമടയ്ക്ക് പുറമെ നെന്മാറ, നെല്ലിയാമ്പതി തുടങ്ങിയ മേഖലകളിലും പ്രതിഷേധം ശക്തമാണ്. ഈ പ്രദേശങ്ങളിലെ പ്രവർത്തകരും പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സെക്യുലർ സ്വഭാവം ഉയർത്തിപ്പിടിക്കുമെന്ന് കരുതിയിരുന്ന പാർട്ടി പെട്ടെന്ന് തീവ്ര രാഷ്ട്രീയ നിലപാടുള്ള മുന്നണിയുടെ ഭാഗമായതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് സമാനമായ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് സൂചന.