ശബരിമല ഭണ്ഡാരത്തിൽനിന്ന് പണവും സ്വർണവും വായിലൊളിപ്പിച്ചു കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ
ശബരിമല: സന്നിധാനത്തെ ക്ഷേത്ര ഭണ്ഡാരത്തിൽനിന്നും വിദേശ കറൻസികളും സ്വർണവും കവർന്ന രണ്ട് ദേവസ്വം താൽക്കാലിക ജീവനക്കാരെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ എം.ജി. ഗോപകുമാർ (51), സുനിൽ ജി. നായർ (51) എന്നിവരാണ് പിടിയിലായത്. ഇവരെ സന്നിധാനം പോലീസിന് കൈമാറി.
ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വായ അസ്വാഭാവികമായ രീതിയിൽ വീർത്തിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ കറൻസികൾ കണ്ടെത്തുകയായിരുന്നു. പേപ്പർ നോട്ടുകളിൽനിന്നും വ്യത്യസ്തമായി വിദേശ നാണ്യങ്ങൾക്കുള്ള പ്രത്യേക കോട്ടിങ് കാരണം വായിലിട്ടാലും കേടുവരില്ലെന്നത് മുതലെടുത്താണ് പ്രതികൾ ഈ രീതി അവലംബിച്ചത്. ഇവരിൽനിന്ന് യൂറോ, കനേഡിയൻ ഡോളർ, മലേഷ്യൻ കറൻസികൾ എന്നിവ കണ്ടെടുത്തു.
തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 40,000 രൂപയോളം ഇന്ത്യൻ കറൻസിയും രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റും കണ്ടെടുത്തിട്ടുണ്ട്.
ദേവസ്വം ജീവനക്കാരുടെ തപാൽ, ബാങ്ക് ഇടപാടുകൾ പരിശോധനയിൽ
സന്നിധാനത്തെ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാൻ വിജിലൻസ് തീരുമാനിച്ചു. തുടർച്ചയായി നാട്ടിലേക്ക് പണമയക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ബാങ്കുകൾക്കും തപാൽ വകുപ്പിനും വിജിലൻസ് എസ്.പി നിർദ്ദേശം നൽകി. ഇത്തരത്തിൽ ലഭിക്കുന്ന പണം മോഷണത്തിലൂടെയോ കൈക്കൂലിയിലൂടെയോ കൈക്കലാക്കിയതാണോ എന്ന് വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.