പയ്യന്നൂർ ഭൂമി ഇടപാട്: തെളിവുകൾ കൈവശമുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ; പിന്തുണയുമായി വി.എസ് പക്ഷം മാതൃകയിൽ ഫ്‌ലക്‌സുകൾ
പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയെ പിടിച്ചുലച്ച ഫണ്ട് വിവാദത്തിലും ഭൂമി ഇടപാടിലും നിലപാട് കടുപ്പിച്ച് വി. കുഞ്ഞികൃഷ്ണൻ. ടി.ഐ മധുസൂദനൻ എം.എൽ.എയ്ക്കും മറ്റ് പാർട്ടി നേതാക്കൾക്കും ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ തന്റെ കൈവശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. സെന്റിന് വെറും നാല് ലക്ഷം രൂപ മാത്രം വിലയുള്ള തണ്ണീർത്തടം 18.45 ലക്ഷം രൂപയ്ക്ക് സഹകരണ സ്ഥാപനത്തെക്കൊണ്ട് വാങ്ങിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
വിദേശത്ത് വെച്ച് ഇടനിലക്കാരും എം.എൽ.എയും പങ്കെടുത്ത വിരുന്നിന്റെ ചിത്രം താൻ പാർട്ടി കമ്മീഷന് കൈമാറിയിട്ടുണ്ട്. എന്നാൽ യാത്രയും ഇടപാടും തമ്മിൽ കാലതാമസമുണ്ടെന്ന സാങ്കേതിക ന്യായം പറഞ്ഞ് കമ്മീഷൻ ഇത് തള്ളുകയായിരുന്നു. പാർട്ടിക്കകത്ത് ഉന്നയിച്ച വിമർശനങ്ങളെ അടിച്ചമർത്താനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കുഞ്ഞികൃഷ്ണനെ ഒറ്റുകാരനായി ചിത്രീകരിച്ച് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി അണികളും രംഗത്തെത്തി. തായിനേരിയിൽ വി.എസ് അച്യുതാനന്ദന്റെയും കുഞ്ഞിക്കൃഷ്ണന്റെയും ചിത്രങ്ങൾ വെച്ച് ‘നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ട്’ എന്നെഴുതിയ ഫ്‌ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ പാർട്ടിയിൽ വിഭാഗീയത ശക്തമാണെന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.