‘മകൻ ബിജെപിയുടെ ആളാണെന്ന് അറിയാം; വെള്ളാപ്പള്ളിയുടെ പാർട്ടി ഏതാണ്? സാമുദായിക ഐക്യം അടഞ്ഞ അധ്യായം’- സുകുമാരൻ നായർ
ചങ്ങനാശ്ശേരി: എൻ.എസ്.എസ്-എസ്.എൻ.ഡി.പി സാമുദായിക ഐക്യശ്രമങ്ങൾ അടഞ്ഞ അധ്യായമാണെന്നും ഈ നീക്കത്തിൽ നിന്ന് എൻ.എസ്.എസ് പൂർണ്ണമായും പിന്മാറിയതായും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇന്ന് പെരുന്നയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഐക്യം വേണ്ടെന്ന തീരുമാനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ഏകകണ്ഠമായാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശന്റെ മകനും രാഷ്ട്രീയ നേതാവുമായ തുഷാർ വെള്ളാപ്പള്ളി ചർച്ചകൾക്ക് നേതൃത്വം നൽകാൻ ശ്രമിച്ചതാണ് പ്രധാനമായും എൻ.എസ്.എസിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയ പാർട്ടി നേതാവുമായി സമുദായ ഐക്യചർച്ചകൾ സാധ്യമല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളിക്ക് ബഹുമതികൾ പ്രഖ്യാപിച്ചതും ബി.ജെ.പി നേതാവായ മകനെ ചർച്ചകൾക്കായി അയച്ചതും ഇതിന് പിന്നിൽ ചില രാഷ്ട്രീയ ഇടപാടുകൾ ഉണ്ടെന്ന സംശയം ജനിപ്പിച്ചു. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്നും എൻ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയക്കാരുടെ ഭീഷണിക്ക് എൻ.എസ്.എസ് വഴങ്ങില്ലെന്നും ആരുടെയും തിണ്ണ നിരങ്ങാൻ താനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക പ്രവചനങ്ങൾക്കില്ല. സമുദായത്തിന് അർഹതപ്പെട്ട നീതി ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളെ അഭയം പ്രാപിക്കുന്നതിന് പകരം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സുകുമാരൻ നായർ പറഞ്ഞു. നിലവിലെ സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾ മാത്രമാണ് നോക്കുന്നതെന്നും സാമുദായിക പരിഗണനകൾ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.