പണമില്ലെങ്കിൽ വൈദ്യുതിയില്ല; ബംഗ്ലാദേശ് സർക്കാരിന് അദാനി ഗ്രൂപ്പിന്റെ അന്ത്യശാസനം
ന്യൂഡൽഹി: അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് മുഹമ്മദ് യൂനുസ് സർക്കാരിന് കനത്ത മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്. കുടിശ്ശിക തുക ഉടൻ നൽകിയില്ലെങ്കിൽ രാജ്യത്തെ വൈദ്യുതി വിതരണം അപകടത്തിലാകുമെന്ന് അദാനി പവർ ലിമിറ്റഡ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിനെ (പിഡിബി) കത്തിലൂടെ അറിയിച്ചു.
ഏകദേശം 1,000 കോടി രൂപ (112.7 മില്യൺ യുഎസ് ഡോളർ) അടിയന്തരമായി നൽകണമെന്നാണ് ആവശ്യം. ഇതിൽ കഴിഞ്ഞ വർഷം ജൂൺ വരെയുള്ള 53.2 മില്യൺ ഡോളറും ഒക്ടോബർ വരെയുള്ള സേവനങ്ങളുടെ ബാക്കി തുകയായ 59.6 മില്യൺ ഡോളറും ഉൾപ്പെടുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പണം വൈകുന്നത് പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും അറ്റകുറ്റപ്പണികളെയും ബാധിക്കുന്നുണ്ടെന്ന് അദാനി പവർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് അവിനാശ് അനുരാഗ് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിൽ സമാനമായ മുന്നറിയിപ്പ് നൽകിയപ്പോൾ ബംഗ്ലാദേശ് സർക്കാർ 100 മില്യൺ ഡോളർ നൽകിയിരുന്നു. എന്നാൽ ഡിസംബർ മുതൽ കുടിശ്ശിക വീണ്ടും കുമിഞ്ഞുകൂടുകയാണ്. ഫെബ്രുവരി 12ന് ബംഗ്ലാദേശിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വൈദ്യുതി പ്രതിസന്ധി നേരിടുന്നത് യൂനുസ് സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷമുള്ള സാമ്പത്തിക അസ്ഥിരതയ്ക്കിടയിൽ അദാനി ഗ്രൂപ്പിന്റെ ഈ നീക്കം ബംഗ്ലാദേശിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.