02/03/2026
[fontresizer_tawhidurrahmandear_widget]

‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത് പവാറിന്റെ അനന്തരവൻ

 ‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത് പവാറിന്റെ അനന്തരവൻ

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ ലിയർജെറ്റ് 45 വിമാനം തകർന്ന് അജിത് പവാറും മറ്റ് നാല് പേരും കൊല്ലപ്പെട്ടത്. ഈ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് വലിയ സംശയങ്ങളുണ്ടെന്ന് രോഹിത് പവാർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങളാണോ അതോ മറ്റ് അട്ടിമറികളാണോ ഇതിന് പിന്നിലെന്ന ചർച്ചകൾക്ക് രോഹിത് പവാറിന്റെ പ്രസ്താവന ആക്കം കൂട്ടിയിട്ടുണ്ട്.

അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെയും അജിത് പവാറിന്റെയും എൻസിപി വിഭാഗങ്ങൾ കൈകോർത്താണ് മത്സരിച്ചത്. ഇരുവിഭാഗങ്ങളും ലയിക്കണമെന്ന് അജിത് പവാർ ആഗ്രഹിച്ചിരുന്നതായും ആ ശ്രമങ്ങൾ തുടരുമെന്നും രോഹിത് പവാർ പറഞ്ഞു. ലയനത്തിന് പിന്നിലെ രാഷ്ട്രീയവും വൈകാരികവുമായ കാരണങ്ങൾ ഫെബ്രുവരി 12ന് വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാറിന്റെ അപ്രതീക്ഷിത മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

Also read: