ഔദ്യോഗിക ഹാൻഡിലിൽ മുഖ്യമന്ത്രി ഉൾപ്പെട്ട വിവാദ വീഡിയോ; അസം ബിജെപി സോഷ്യൽ മീഡിയ കോ-കൺവീനറെ പുറത്താക്കി
ദിസ്പൂർ: മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ ഉൾപ്പെട്ട വിവാദ വീഡിയോ ഔദ്യോഗിക ഹാൻഡിലിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അസം ബിജെപി സോഷ്യൽ മീഡിയ കോ-കൺവീനർ റോൺ വികാസ് ഗൗരവിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. കൃത്യമായ പരിശോധനകളില്ലാതെയും പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെയും വീഡിയോ അപ്ലോഡ് ചെയ്തതിനാണ് നടപടിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 7ന് പുറത്തിറങ്ങിയ അനിമേഷൻ വീഡിയോയിൽ, മുഖ്യമന്ത്രി തോക്കുപയോഗിച്ച് താടിയും തലപ്പാവുമുള്ള രണ്ട് വ്യക്തികളെ വെടിവെക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ പിന്നീട് പിൻവലിച്ചു. സെൻസിറ്റീവ് വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ പാർട്ടി പ്രസിഡന്റിൽ നിന്നോ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിക്കപ്പെട്ടതായി മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി.
സംഭവത്തിൽ അസം മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ഹൈദരാബാദ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ‘ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ താൻ എന്നും എതിർക്കുമെന്നും, കേസെടുത്താൽ ജയിലിൽ പോകാൻ തയ്യാറാണെന്നുമാണ്’ മുഖ്യമന്ത്രി ശർമ്മ ഇതിനോട് പ്രതികരിച്ചത്.