02/03/2026
[fontresizer_tawhidurrahmandear_widget]

‘ലൈസൻസിൽ പ്രിയ, പാസ്‌പോർട്ടിൽ ഷഹനാസ്’; എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

 ‘ലൈസൻസിൽ പ്രിയ, പാസ്‌പോർട്ടിൽ ഷഹനാസ്’; എംഎ ഷഹനാസിനെതിരെ ഡിജിപിക്ക് പരാതി

എം.എ ഷഹനാസ്, നിയാസ് മലബാരി

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സാമൂഹിക പ്രവർത്തക എം.എ ഷഹനാസിനെതിരെ കള്ളപ്പണ ഇടപാട് ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ. ഷഹനാസ് പല പേരുകളിൽ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും വിദേശയാത്രകളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആരോപിച്ചാ് കോൺഗ്രസ് പ്രവർത്തകൻ നിയാസ് മലബാരിയാണ് ഡിജിപിക്ക് പരാതി നൽകിയത്.

ഷഹനാസ് ഒരേ സമയം വ്യത്യസ്ത പേരുകളിലുള്ള തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിട്ടുണ്ടെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷിന്റെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ ആൻഡ് മീഡിയ എൽഎൽപി എന്ന സ്ഥാപനത്തിന്റെ പാർട്ണറുമാണ് മുരിയാട് അറയ്ക്കൽ ഷഹനാസ് എന്ന എം.എ ഷഹനാസ് പാൻ കാർഡിലും പാസ്‌പോർട്ടിലും ‘മുരിയാട് അറയ്ക്കൽ ഷഹനാസ്’ എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഡ്രൈവിങ് ലൈസൻസിൽ പ്രിയ സിജേഷ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ലൈസൻസിൽ ഭർത്താവിന്റെ വിലാസവും ഷഹനാസിന്റെ ജനനതീയതിയും ഫോട്ടോയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

2023-ൽ ഇവരുടെ ഗൂഗിൾ പേ ബാങ്കിംഗ് പേര് ‘പ്രിയ സിജേഷ്’ എന്നായിരുന്നുവെന്നും നിയാസ് ആരോപിക്കുന്നു. ചെറിയൊരു പബ്ലിക്കേഷൻ സ്ഥാപനം നടത്തുന്ന ഷഹനാസ് നടത്തുന്ന നിരന്തരമായ വിദേശയാത്രകൾ സംശയകരമാണെന്നും, ഈ യാത്രകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പല പേരിലുള്ള ഐഡി കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്നത് ഇത്തരം ഇടപാടുകൾക്ക് മറയാക്കാനാണോ എന്ന് സംശയിക്കുന്നതായും നിയാസ് മലബാരി പറയുന്നു.

സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതി, അന്വേഷണത്തിനായി കാസർകോട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. പരാതിയിൽ ആരോപിച്ച രേഖകളുടെ പകർപ്പുകൾ തന്റെ കൈവശമുണ്ടെന്നും മൊഴിയെടുക്കുമ്പോൾ പോലീസിന് കൈമാറുമെന്നും കോൺഗ്രസ് പ്രവർത്തകൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഷഹനാസ് ഉന്നയിച്ച ‘കോഴി’ പരാമർശവും സാരി ഫോട്ടോ വിവാദവും വലിയ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഷഹനാസിനെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻ രംഗത്തെത്തിയിരിക്കുന്നത്.

Also read: