ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി; ഒരുവർഷം മുമ്പ് ആള് മരിച്ചു, തെളിവെടുപ്പിന് ഹാജരാകാൻ രോഗിക്ക് നോട്ടിസ്!
തൃശൂർ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ തെളിവുനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്ക് മെഡിക്കൽ കോളജിന്റെ നോട്ടീസ്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ജോസഫ് പോൾ മരിച്ച് ഒരുവർഷം പിന്നിടുമ്പോഴാണ്, ആരോഗ്യവകുപ്പിന്റെ വിചിത്രമായ നടപടി. തിരുവനന്തപുരത്ത് നടക്കുന്ന തെളിവെടുപ്പിൽ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് കത്തയച്ചത്.
2020 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ മെഡിക്കൽ കോളജിൽ പാൻക്രിയാസിലെ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക (ഫോർസെപ്‌സ്) മറന്നുവെക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദന അനുഭവപ്പെട്ട ജോസഫ് സ്വകാര്യ ലാബിൽ നടത്തിയ എക്‌സറേ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് ഇത് പുറത്തെടുത്തത്. വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ ജോസഫ് നിയമപോരാട്ടം നടത്തിവരികയായിരുന്നു.
ഗുരുതരമായ മെഡിക്കൽ അനാസ്ഥയെത്തുടർന്ന് ജോസഫിന്റെ ആരോഗ്യം ക്ഷയിക്കുകയും 2025 ജനുവരിയിൽ അദ്ദേഹം അന്തരിക്കുകയും ചെയ്തു. എന്നാൽ, രോഗി മരിച്ച വിവരം പോലും രേഖകളിൽ പുതുക്കാതെയാണ് അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 17ന് ഭാര്യ ബിന്ദുവിന് ലഭിച്ച നോട്ടീസിൽ 20ാം തീയതി സെക്രട്ടേറിയറ്റ് അനക്‌സിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരുന്നത്. കുടുംബം തിരുവനന്തപുരത്തേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ ഹിയറിങ് മാറ്റിവച്ചതായി അറിയിച്ച് അടുത്ത സന്ദേശമെത്തി.
മനുഷ്യാവകാശ കമ്മിഷന്റെ അനുകൂല വിധി ഉണ്ടായിട്ടും ജോസഫിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. നീതിക്കായി വർഷങ്ങളോളം പോരാടിയ ഒരു മനുഷ്യനോടും കുടുംബത്തോടും ആരോഗ്യവകുപ്പ് കാട്ടുന്ന അവഗണനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.