എപ്സ്റ്റീൻ ബന്ധം: രാഹുലിന് മറുപടിയുമായി ഹർദീപ് സിങ് പുരി; ‘കൂടിക്കാഴ്ചകൾ ഔദ്യോഗികം മാത്രം’
ന്യൂഡൽഹി:എപ്സ്റ്റീൻനെ കണ്ടത് സമാധാന ചർച്ചകളുടെ ഭാഗമായാണെന്നും അയാളുടെ ഇടപാടുകളിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച എപ്സ്റ്റീൻ ഫയൽസ് ആരോപണങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റിയൂട്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.
കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ തവണ മാത്രമാണ് ഇത്തരത്തിൽ കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളത്. അന്ന് തന്റെ ബോസിന് എപ്സ്റ്റീനെ പരിചയമുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചകൾക്ക് എപ്സ്റ്റീൻ പ്രതിക്കൂട്ടിലായ ലൈംഗിക കുറ്റകൃത്യങ്ങളുമായോ മറ്റ് ക്രിമിനൽ നടപടികളുമായോ യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പറഞ്ഞു. വസ്തുതകൾ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിനായി രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകമെമ്പാടുമുള്ള പ്രമുഖ രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉൾപ്പെട്ട ‘എപ്സ്റ്റീൻ ഫയൽസിൽ’ ഹർദീപ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ ഉണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗം. യുഎസ് മുൻ പ്രസിഡന്റുമാരായ ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം കേന്ദ്ര സർക്കാർ ‘അസംബന്ധം’ എന്ന് വിളിച്ച് നേരത്തെ തന്നെ തള്ളിയിരുന്നു.