06/03/2026
[fontresizer_tawhidurrahmandear_widget]

‘ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ഏജന്റ് അല്ല; ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഹൂദ് ബരാകുമായാണ് ബന്ധം’-പ്രതികരിച്ച് നെതന്യാഹു

 ‘ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ഏജന്റ് അല്ല; ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എഹൂദ് ബരാകുമായാണ് ബന്ധം’-പ്രതികരിച്ച് നെതന്യാഹു

ജെഫ്രി എപ്സ്റ്റീന്‍, ബെഞ്ചമിന്‍ നെതന്യാഹു

തെൽ അവീവ്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേലിന്റെ ചാരനായിരുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എപ്സ്റ്റീന് മുൻ പ്രധാനമന്ത്രി എഹൂദ് ബരാകുമായുള്ള അസാധാരണമായ അടുപ്പം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനും ബരാക് ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കളും മൊസാദും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് നെതന്യാഹുവിന്റെ കൈകഴുകൽ.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു. രാഷ്ട്രീയം, ബിസിനസ്സ്, അക്കാദമിക് രംഗത്തെ പ്രമുഖർക്കൊപ്പം മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിനും എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് രേഖകളിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. എപ്സ്റ്റീൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന പ്രചാരണങ്ങളെയും നെതന്യാഹു തള്ളി.

എഹൂദ് ബരാകിനെതിരെ രൂക്ഷവിമർശനമാണ് നെതന്യാഹു ഉന്നയിച്ചത്. ‘ജെഫ്രി എപ്സ്റ്റീന് എഹൂദ് ബരാകുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്നത് എപ്സ്റ്റീൻ ഇസ്രയേലിനായി പ്രവർത്തിച്ചു എന്നല്ല, മറിച്ച് അതിന്റെ നേർവിപരീതമാണ്. രണ്ട് പതിറ്റാണ്ട് മുൻപുണ്ടായ തെരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് ബരാക് ഇപ്പോഴും മോചിതനായിട്ടില്ല. ഇസ്രയേൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ആളിക്കത്തിക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും ബരാക് കൂട്ടുനിൽക്കുകയാണ്’-നെതന്യാഹു ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടികളെ നിരവധി പ്രമുഖർക്ക് കാഴ്ചവയ്ക്കുകയും ചെയ്തു എന്നതടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 2019-ൽ അറസ്റ്റിലായ എപ്സ്റ്റീൻ മാൻഹാട്ടൻ ജയിലിൽ വെച്ച് ജീവനൊടുക്കുകയായിരുന്നു.

Also read: