വോട്ടിങ് കഴിഞ്ഞ് അഞ്ച് മണിക്കൂറിനുശേഷം ധാബയ്ക്ക് മുന്നിൽ നിർത്തിയിട്ട കാറിൽ ഇവിഎമ്മുകൾ; മഹാരാഷ്ട്രയിൽ വിവാദം
മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം സ്വകാര്യ വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) കണ്ടെത്തി. സോളാപൂരിലെ മോഹോൾ ടൗണിലെ ഒരു റോഡരികിലെ ധാബയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്യുവിയിലാണ് രണ്ട് സെറ്റ് ഇവിഎമ്മുകൾ കണ്ടെത്തിയത്. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരം 5.30-ന് അവസാനിച്ചതിന് ശേഷം, ഏകദേശം അഞ്ച് മണിക്കൂർ കഴിഞ്ഞാണ് ഇവ കണ്ടെത്തിയതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
വോട്ടിങ് യന്ത്രങ്ങൾ കാറിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എൻസിപി സോളാപൂർ ജില്ലാ പ്രസിഡന്റ് ഉമേഷ് പാട്ടീലിനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. തുടർന്ന് മോഹോൾ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ സീമ ഹോൾക്കറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വോട്ടെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളല്ല കാറിൽ കണ്ടെത്തിയതെന്നും റിസർവ് സ്റ്റോക്കിൽ ഉള്ളവയാണെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വോട്ടെടുപ്പ് അവസാനിച്ച ശേഷം റിസർവ് ഇവിഎമ്മുകൾ തിരികെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവ കൈവശം വച്ചിരുന്ന സോണൽ ഓഫീസർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വാടകയ്ക്കെടുത്ത വാഹനത്തിൽ ഇവ മറന്നുവെക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വാഹനത്തിന്റെ ഡ്രൈവറെ വിളിച്ചപ്പോൾ, താൻ കാർ അതിന്റെ ഉടമയെ ഏൽപ്പിച്ചുവെന്നാണ് മറുപടി നൽകിയത്. ഹോട്ടലിന് സമീപം പാൻ കട നടത്തുന്ന വാഹന ഉടമയാകട്ടെ, താൻ തിരക്കിലാണെന്നും ഉദ്യോഗസ്ഥരോട് അങ്ങോട്ട് ചെന്ന് യന്ത്രങ്ങൾ എടുക്കാനും ആവശ്യപ്പെട്ടു. ഇതിനിടയിലാണ് നാട്ടുകാർ കാറിൽ യന്ത്രങ്ങൾ കണ്ടത്.
എന്നാൽ, ഉദ്യോഗസ്ഥരുടെ വാദം മുഖവിലയ്ക്കെടുക്കാൻ എൻസിപി തയാറായിട്ടില്ല. വോട്ടെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങൾ തന്നെയാകാം ഇതെന്നും, സ്‌ട്രോങ് റൂമിലേക്ക് മാറ്റിയ യന്ത്രങ്ങളിൽ തിരിമറി നടന്നിട്ടുണ്ടാകാമെന്നും ഉമേഷ് പാട്ടീൽ ആരോപിച്ചു. ‘തെരഞ്ഞെടുപ്പ് നടപടികളിൽ ഞങ്ങൾക്ക് സംശയമുണ്ട്. വോട്ടർമാരുടെ സംശയം ദൂരീകരിക്കാൻ ഈ ബൂത്തിൽ റീപോളിങ് നടത്തണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ വീഴ്ച വരുത്തിയ സോണൽ ഓഫീസർക്കും മറ്റുള്ളവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കുരുൽ ഡിവിഷനിലേക്കുള്ള റിസർവ്ഡ് ഇവിഎമ്മുകളാണ് ഇവയെന്നും കമ്മീഷൻ വ്യക്തമാക്കി.