തിരിച്ചുകയറി സ്വർണവില; പവന് 4840 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. നാല് ദിവസം തുടർച്ചയായി ഇടിഞ്ഞ സ്വർണവില, കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 4,840 രൂപ വർധിച്ച് വില 1,17,720 രൂപയിലെത്തി. ഗ്രാമിന് 605 രൂപയാണ് ഉയർന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,715 രൂപയായി മാറി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയായിരുന്നു വിപണി വില.
കഴിഞ്ഞ മാസങ്ങളിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതിനെത്തുടർന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതായിരുന്നു വില കുറയാൻ കാരണമായത്. ജനുവരി 29ന് പവൻ വില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി രണ്ടായപ്പോഴേക്കും ഇത് 1,07,920 രൂപയിലേക്ക് കൂപ്പുകുത്തി. എന്നാൽ ഈ ഇടിവിന് വിരാമമിട്ടുകൊണ്ട് വെറും രണ്ട് ദിവസം കൊണ്ട് 9,800 രൂപയുടെ വർധനവാണ് പവൻ വിലയിൽ ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 439 ഡോളർ വർധിച്ച് 5,073 ഡോളറിലെത്തി. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഔൺസിന് 10.55 ഡോളർ വർധിച്ച് 87.76 ഡോളറിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. 13 ശതമാനത്തിലധികം വർധനവാണ് വെള്ളി വിലയിൽ ഇന്ന് മാത്രം ഉണ്ടായത്.